നാളത്തെ സിനിമ സൂചന പണിമുടക്ക് പിന്‍വലിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ മന്ത്രി സജി ചെറിയാന്‍ ഉറപ്പു നല്‍കി . സിനിമാ സംഘടനകളുടെ ആവശ്യം ന്യായമാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കും. ഇതിനായി സര്‍ക്കാര്‍ രണ്ടാഴ്ചത്തെ സാവകാശം തേടി. തീയറ്ററുകള്‍ നാളെ തുറക്കുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു.
ചലച്ചിത്ര നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും ഔദ്യോഗിക കൂട്ടായ്മയായ ഫിലിം ചേംബറിന്‍റെയും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെയും പിന്തുണയോടെയായിരുന്നു സൂചനാ സമരം പ്രഖ്യാപിച്ചിരുന്നത്.
ജിഎസ്ടിക്കു പുറമേ, തദ്ദേശ സ്ഥാപനങ്ങൾ വിനോദ നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്നതാണ‌് പ്രധാന ആവശ്യം. ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്കു കടക്കാനാണു തീരുമാനം.