മലയാള ചലച്ചിത്രരംഗത്തെ സമുന്നത ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80കാരിയായ ശാരദ.
രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നു ശാരദ.1968 ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യം. 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരം എന്ന ചിത്രത്തിലൂടെ രണ്ടാമതും. ഇരുട്ടിന്‍റെ ആത്മാവ്, ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അതരിപ്പിച്ച ശാരദ,ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ലേറെ മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.