നടിമാരുടെ വസ്ത്രധാരണം സംബന്ധിച്ചുള്ള പ്രസ്താവനയില്‍ നടന്‍ ശിവജിക്ക് പിന്നാലെ കുരുക്കിലായി നടന്‍ സുമന്‍. സിനിമയും ജീവിതവും രണ്ടാണെന്നും വസ്ത്രരീതിയും അതുപോലെ മാറ്റണമെന്നും സുമന്‍ പറഞ്ഞു. സില്‍ക്ക് സ്മിതയുടെ ഉദാഹരണം പറഞ്ഞാണ് സുമന്‍റെ പരാമര്‍ശം. 

സിൽക്ക് സ്മിത, ജയമാലിനി, വിജയലളിത തുടങ്ങിയ നടിമാർ സ്ക്രീനിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്തിരുന്നെങ്കിലും യഥാർഥ ജീവിതത്തിൽ വളരെ ലളിതമായും മാന്യമായും വസ്ത്രം ധരിച്ചിരുന്നവരാണ്. ആധുനിക കാലത്തെ നടിമാരും ഈ വ്യത്യാസം തിരിച്ചറിയണം. പഴയകാല നടിമാർക്ക് വസ്ത്രധാരണത്തിൽ വലിയ അച്ചടക്കം ഉണ്ടായിരുന്നു. എവിടെ എങ്ങനെ പെരുമാറണമെന്ന് അവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ചില വസ്ത്രങ്ങള്‍ എവിടെയാണ് ഉചിതമെന്നും എവിടെയാണ് അല്ലാത്തതെന്നും അവര്‍ക്ക് അറിയാമായിരുന്നു. നടൻ ശിവജിയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ആശങ്കകൾ ശരിയായിരിക്കാമെന്നും എന്നാല്‍ അദ്ദേഹം അത് പ്രകടിപ്പിച്ച രീതിയും ഉപയോഗിച്ച വാക്കുകളും തെറ്റായിപ്പോയെന്നും സുമന്‍ പറഞ്ഞു. 

ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ എന്നായിരുന്നു നടന്‍ ശിവജിയുടെ അഭ്യര്‍ഥന. 

ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല എന്നായിരുന്നു ശിവാജി പറഞ്ഞത്. പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തതോടെ ശിവജി മാപ്പ് പറ‍ഞ്ഞിരുന്നു.