navya-nair

TOPICS COVERED

മത്സരങ്ങള്‍ക്കായി കുട്ടികളെ പഠിപ്പിക്കില്ലെന്ന് നടി നവ്യ നായര്‍. ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് എന്തിനാണ് കുട്ടികളെ എത്തിക്കുന്നതെന്നും തന്റെ കരയുന്ന വിഡിയോ കാണാത്ത ആരുമുണ്ടാകില്ലെന്നും നവ്യ പറഞ്ഞു. മത്സരത്തിന്റെ ഇരയാണ് താനെന്നും ഇനി മറ്റൊരു കുട്ടിയും അതിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. 'മാതംഗിബൈനവ്യ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് നവ്യ ഇക്കാര്യം പറയുന്നത്. അഭിനയത്തിലേക്ക് തിരിച്ചുവന്ന നവ്യ മാംതഗി എന്ന ഡാന്‍സ് സ്കൂളിലൂടെ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. 

'ഇവിടെ മത്സരങ്ങൾക്കുവേണ്ടി പഠിപ്പിക്കാറില്ല. കോംപറ്റീഷനിൽ കൂടി എത്തിയ ആളാണല്ലോ ഞാൻ എന്ന് എല്ലാവരും ആലോചിക്കുന്നുണ്ടാകും. എന്റെ കരയുന്ന വിഡിയോ കാണാത്ത ആരുമുണ്ടാകില്ല. പക്ഷേ ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മൾ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്. ഇതൊരു കലയാണ്. ഈ കല പഠിക്കുന്നതിൽ മത്സരത്തിന്റെ ആവശ്യമില്ല. 

ഇവിടെ മത്സരത്തിന് വർണം പത്ത് മിനിറ്റാണ് കളിക്കുന്നത്. വർണമൊക്കെ 20, 25 മിനിറ്റ് കളിക്കേണ്ട ഒരു വലിയ ഐറ്റം ആണ്. വർണമൊക്കെ മത്സരത്തിന് ക്യാപ്‌സൂൾ പോലെയാക്കി അവതരിപ്പിക്കുന്നത് അന്യ സംസ്ഥാനത്തെ കലാകാരൻമാർ പുച്ഛത്തോടെയാണ് കാണുന്നത്. അപ്പോഴും മലയാളി കുട്ടികളുടെ കഴിവിനേയും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള മിടുക്കിനേയും കുറിച്ച് ഞാൻ സംസാരിക്കാറുണ്ട്.

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള മത്സരമൊന്നും ജീവിതത്തിൽ നമ്മളെ എവിടേയും എത്തിക്കില്ല എന്നതാണ്. ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ വല്ലാതെ ഹിറ്റ് ചെയ്ത് നമ്മളെ തളർത്തിക്കളയാനായിരിക്കും അതിന് സാധിക്കുക. ഒരു കലാരൂപം പഠിക്കുന്നത് മത്സരിക്കാനല്ല. ജീവിതത്തിൽ നമ്മൾ ഒരൊറ്റ മനുഷ്യനോടെ മത്സരിക്കാൻ പാടുള്ളു. അത് നമ്മളോട് തന്നെയാണ്. 

ഇന്നലത്തെ നമ്മളേക്കാൾ എത്ര മികച്ചതാണ് നാളത്തെ നമ്മൾ എന്നതിൽ മാത്രമേ മത്സരത്തിന്റെ ആവശ്യമുള്ളു. ഒരിക്കലും മത്സരിക്കാൻ പോകരുത്. ഞാൻ മത്സരങ്ങൾ പഠിപ്പിക്കുന്നുമില്ല. കാരണം ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ഒരു മത്സരത്തിന്റെ ഇരയാണ് ഞാൻ. ഇനിയൊരു കുട്ടിയും അതിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' നവ്യ പറഞ്ഞു.

ENGLISH SUMMARY:

Navya Nair emphasizes that children are not taught for competitions. She believes art should be learned without unnecessary pressure, as she herself is a victim of such competition.