Untitled design - 1

ടോക്സിക് മൂവിയുടെ ട്രയ്ലര്‍ പുറത്തു വന്നതിന് പുറകെ രൂപപ്പെട്ട ഗീതു മോഹൻദാസിന്റെ സ്ത്രീവിരുദ്ധത ചർച്ചകളില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി സ്മിത സൈലേഷ്. സാമ്പിൾ വെടിക്കെട്ട് കണ്ട്, വിമർശനത്തിന്റെ അണുബോംബും കൊണ്ടിറങ്ങിയിരിക്കുകയാണ് പുരുഷജിഹ്വകള്‍ എന്ന് സ്മിത ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'സിനിമയുടെ ചിത്രീകരണം പാതിയായപ്പോൾ മുതൽ താൻ കേട്ട സ്ത്രീവിരുദ്ധത, ഗീതുവിനെ പോലെ ഒരു വനിതാ സംവിധായകയ്ക്ക് യാഷിനെ വെച്ച് എന്ത് മാസ്സുണ്ടാക്കാൻ പറ്റാനാണ് എന്നതായിരുന്നു. പാതി ചിത്രീകരിച്ച സിനിമയിൽ നിന്നും സീനുകളിൽ മാസ്സ് വർക്ക്‌ ആയില്ലെന്നു പറഞ്ഞു യാഷ് പിൻ വാങ്ങി, സിനിമ മുടങ്ങി,  അവനവനു കൂട്ടിയാൽ കൂടാത്ത പണി ചെയ്ത് കോടികൾ വെള്ളത്തിലാക്കി എന്നിങ്ങനെ ഒരു വനിതാ സംവിധായിക യാഷിനെ വെച്ച് സിനിമ ചെയ്യുമ്പോൾ ഉണ്ടാകുന്ന മുൻവിധിയും, അസൂയയും പുരുഷജിഹ്വകളിൽ നിന്നും പ്രവഹിച്ചു കൊണ്ടിരുന്നിരുന്നു. സിനിമ മുടങ്ങി പോയെന്ന് ചില പത്രങ്ങളുടെ ഓൺലൈനുകളും വാർത്തയായി നൽകി. 

ഇതൊന്നും മൈൻഡ് ചെയ്യാതെ പെങ്കൊച്ച് അവിടെ സ്വന്തം  സിനിമയ്ക്ക് അടിത്തറ പണിയുക മാത്രമല്ല, ഒരു മാസ്സ് നഗരം തന്നെ പണിതു വെച്ചിട്ടുണ്ട്. ട്രയ്ലറിൽ കിളി പാറുന്ന മാസ്സ് കണ്ട്  പണി അറിയില്ലെന്ന് അപവാദം പറഞ്ഞ ആൺ ഉലകം നൈസ് ആയി വിറച്ചിട്ടുണ്ടാകും.  

നേരത്തെ കേൾക്കുന്നുണ്ടോ പോലുള്ള ആർട്ട് സിനിമ ചെയ്ത സംവിധായികയിൽ നിന്നും ഒരു വേൾഡ് വൈഡ് സംവിധായിക എന്ന നിലയിൽ വളർന്ന ഗീതു കച്ചവടസിനിമയുടെ സംവിധായികയായി യാഷിനെ വെച്ച് ഒരു ഫക്കിങ് ഡ്രാഗണിന്റെ ടോക്സിക് കഥ പറയുമ്പോൾ അതിൽ ഇന്റിമെറ്റ് സീനുകൾക്ക് നമ്മൾ പരിപാവനത്വം പ്രതീക്ഷിക്കുന്നത് തന്നെ അനൗചിത്യമല്ലേ?.

കോടികൾ മുടക്കി ചെയ്യുന്ന പടത്തിന്റെ സംവിധായികയ്ക്ക് സിനിമക്ക് അനുസൃതമായി ചിന്തിക്കേണ്ടിയും, പ്രവർത്തിക്കേണ്ടിയും വരും. നിലപാടുതറയിൽ ഉറച്ചു നിൽക്കില്ല. അവർ ചലിക്കുന്ന സിംഹാസനത്തിലാണ്. ഒരു സ്ത്രീ കയറിയിരിക്കുന്ന കച്ചവടസിനിമയുടെ സിംഹാസനം കാണുമ്പോൾ എനിക്ക് നല്ല ആനന്ദമുണ്ട്. ഒരു പെണ്ണിനെ കൊണ്ടെന്ത് നടക്കാൻ എന്ന് പറഞ്ഞവർക്ക് മുന്നിൽ, പെണ്ണുങ്ങൾ വല്ല ആർട്ട് പടവും കൊണ്ട് സംതൃപ്തി അടഞ്ഞാൽ മതി എന്നൊക്കെ വിചാരിക്കുന്നവർക്ക് മുന്നിൽ ഒരു പെണ്ണ് നിവർന്നു നിന്ന് മാസ്സ് സിനിമയുടെ ട്രിഗർ വലിച്ച ആ കാഴ്ചയുണ്ടല്ലോ. അത് കണ്ടതിന്റെ ആനന്ദത്തിലാണ് എന്റെ ഫെമിനിസം വർക്ക്‌ ആവുന്നത്. 

അടിച്ചു കേറി വാ ഗീതു. ലോകം ഈ ഫീമെയിൽ മാസ്സ് മേക്കറേ കാത്തിരിക്കുന്നു. കുടുംബവുമായി ഒരുമിച്ച് പോയി നമുക്ക് സർവ്വം മായ പോലുള്ള സിനിമകൾ കാണാം. കുടുംബത്തിലുള്ളവരൊക്കെ സ്വന്തം സുഹൃത്തുക്കളുടെ കൂടെയൊക്കെ പോയി ടോക്സിക് കണ്ടാൽ മതി എന്ന്. എല്ലാ സിനിമയും കുടുംബ പ്രേക്ഷകർക്ക് ഒരുമിച്ചു കാണാനുള്ളതല്ല ഹേ. രണ്ടു പേര് പരിപൂർണ്ണ സമ്മതത്തോടെ ആസ്വദിച്ചു ചെയ്യുന്ന ഇന്റിമേറ്റ് സീൻ സ്ത്രീവിരുദ്ധതായാണോ. ഫക്കിങ് ഡ്രാഗൺ എന്ന് എതിരാളികൾ വിളിക്കുന്ന നായകനെ അവതരിപ്പിക്കാൻ അത് പോലെ ഒരു സീൻ ഇല്ലാതെ പറ്റുമോ. സിനിമ പുറത്തിറങ്ങും വരേ കാത്തിരിക്കേണ്ടതുണ്ട് അതെല്ലാം അറിയാന്‍. 

സാമ്പിൾ വെടിക്കെട്ട് കണ്ട് വണ്ടർ അടിച്ചു വിമർശനത്തിന്റെ അണുബോംബും കൊണ്ടിറങ്ങിയതല്ലേ. റിയൽ വെടിക്കെട്ട് ഒന്ന് തുടങ്ങിക്കോട്ടെ. ടോക്സിക് സിനിമയിലെ ടോക്സിസിറ്റിയും ഗീതുവിന്റെ നിലപാടും വിഷയത്തിൽ അപ്പോഴേ വ്യക്തമായ ചിത്രം തെളിയുകയുള്ളു'. – സ്മിത സൈലേഷ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Toxic movie's trailer release sparks discussions about Geetu Mohandas and alleged misogyny. Smitha Sailesh responds with a Facebook post, criticizing the premature judgments and expressing excitement for the female-directed mass movie.