വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രം 'ജനനായകന്റെ' റിലീസ് മാറ്റിവെച്ചു. ഈ വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങൾ കാരണം റിലീസ് തീയതി നീട്ടുകയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതാണ് റിലീസ് മുടങ്ങാൻ പ്രധാന കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമ്മാതാക്കൾ നിർബന്ധിതരായത്.
ഇന്ന് കോടതിയിൽ ഏറെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. സെൻസർ ബോർഡിലെ ഒരു അംഗം തന്നെ ചിത്രത്തിനെതിരെ പരാതി നൽകിയെന്ന വെളിപ്പെടുത്തൽ നിർമ്മാതാക്കൾ കോടതിയിൽ നടത്തി. സെൻസർ ബോർഡ് അംഗം തന്നെ പരാതി നൽകുന്നത് ചട്ടവിരുദ്ധമാണെന്നും ബോധപൂർവം റിലീസ് തടയാനാണ് നീക്കമെന്നും നിർമ്മാതാക്കൾ വാദിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയാണ് റിലീസ് മാറ്റിയ വിവരം നിർമ്മാതാക്കൾ പങ്കുവെച്ചത്. "ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ജനനായകന്റെ റിലീസ് മാറ്റിവെക്കുന്നു. പുതിയ റിലീസ് തീയതി എത്രയും വേഗം പ്രഖ്യാപിക്കും. അതുവരെ ആരാധകർ ക്ഷമയോടെ കാത്തിരിക്കണം," എന്ന് കെവിഎൻ പ്രൊഡക്ഷൻസ് കുറിപ്പിൽ അഭ്യർത്ഥിച്ചു. ആവേശത്തോടെ കാത്തിരുന്ന ആരാധകർക്ക് ഈ തീരുമാനം വലിയ നിരാശയാണ് നൽകിയിരിക്കുന്നത്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ അടുത്ത ആഴ്ചയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.