ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിനായ് കോട്ടയത്ത് പിറന്ന ഒരുപിടി പാട്ടുകളാണ് ഇന്നും ലോകം ഏറ്റുപാടുന്നത്. ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് പാടി ജനപ്രിയമായമാക്കിയ യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന ക്രിസ്തീയ ഭക്തിഗാനവും കോട്ടയത്തുകാരുടേതാണ്. എണ്‍പതുകളില്‍ എജെ ജോസഫ് രചിച്ച പാട്ട് അന്ന് ആദ്യം പാടിയത് നിർമാതാവും നടനുമായ പ്രേംപ്രകാശ് ആയിരുന്നു.
അന്ന് ലൂർദ് ഫൊറോന പള്ളിയിലെ ഗായകനായിരുന്നു പ്രേംപ്രകാശ്. ക്വയർ മാസ്റ്ററായിരുന്ന എ.ജെ.ജോസഫ് ഒരു ക്രിസ്മസ് നാളിൽ എഴുതി ഈണമിട്ടതാണ് ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...’ എന്ന ഗാനം. ഗിറ്റാറിസ്റ്റും കീബോര്‍ഡ് വാദകനുമായ എ.ജെ. ജോസഫിനൊപ്പം അന്ന് ആദ്യമായി ഈ പാട്ടുപാടിയത് നിർമാതാവും നടനുമായ പ്രേംപ്രകാശ് ആയിരുന്നു.
പള്ളികളിൽ ഹിറ്റായ ഈ പാട്ട് യേശുദാസിലൂടെ ജനപ്രിയമായി. എ.ജെ.ജോസഫിന്‍റെ പത്തു പാട്ടുകളാണ് തരംഗിണി റെക്കോർഡിങ് സ്റ്റുഡിയോ 1987ല്‍ ‘സ്‌നേഹപ്രതീകം’ എന്ന ഭക്തിഗാന ആൽബത്തിലൂടെ പുറത്തിറക്കിയത്. എഴുപതാം വയസ്സിൽ 2015ലാണ് എജെ ജോസഫ് വിടപറഞ്ഞത്. എല്ലാ ക്രിസ്മസ് കാലത്തും പാട്ടിനൊപ്പം ഓര്‍മിക്കപ്പെടുകയാണ് എ.ജെ.ജോസഫും.