divya-s-ayyar-mammootty

TOPICS COVERED

കൊച്ചിയില്‍ നടന്ന കള്‍ച്ചറല്‍ കോണ്‍ഗ്രസ് സമാപനസമ്മേളന വേദിയില്‍ ഒരു കൊച്ച് ആരാധകനുമായി  മമ്മൂട്ടി കുറേനേരം  സല്ലപിച്ചു. മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന അവന്‍റെ  ചിത്രങ്ങള്‍  അമ്മ ദിവ്യ എസ്.അയ്യരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള  മല്‍ഹാറിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ  'ആനന്ദ തേനിമ്പ തേരിൽ ഞാനീ' എന്നാണ് ദിവ്യ  കുറിച്ചത്. 

ചടങ്ങിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്​തുള്ള ദിവ്യയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു ഓരോ മലയാളിയുടേയും സംസ്കാരത്തിന്‍റെ ഭാഗമാണ് മമ്മൂക്ക എന്നാണ് ദിവ്യ പറഞ്ഞത്. 'അദ്ദേഹം നവരസ നായകനും അഭിനയ ചക്രവര്‍ത്തിയും മാത്രമല്ല, എങ്ങനെയാണ് ഒരു വല്യേട്ടന്‍ ഉണ്ടാവേണ്ടതെന്ന് നമ്മെ പഠിപ്പിച്ച വ്യക്തിയാണ്. എങ്ങനെയാണ് ഒരു ഭര്‍ത്താവ് ഉണ്ടായിരിക്കേണ്ടത് എന്ന് നമ്മെ പഠിപ്പിച്ച വ്യക്തിയാണ്. എങ്ങനെയാണ് ഒരു അച്ഛന്‍ അച്ഛനായിരിക്കേണ്ടത് എന്ന് നമ്മെ പഠിപ്പിച്ച വ്യക്തിയാണ്. അങ്ങനെ തന്‍റെ ഓരോ കഥാപാത്രത്തിലൂടെയും നമ്മുടെയൊക്കെ ജീവിതത്തിന്‍റെ, കുടുംബത്തിന്‍റെ, നമ്മുടെ പ്രതീക്ഷകളുടെ, നമ്മുടെ ധാരണകളുടെ, നമ്മുടെ ബന്ധങ്ങളുടെ, നമ്മുടെ ജീവിത രീതികളുടെ ഭാഗമായ വ്യക്തിത്വമാണ് എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന്‍റെ സാന്നിധ്യം നമക്ക് ഏവര്‍ക്കും ആനന്ദകരമാണ്,' ദിവ്യ പറഞ്ഞു. 

മനുഷ്യന്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്നായിരുന്നു ചടങ്ങില്‍ മമ്മൂട്ടിയുടെ വാക്കുകള്‍. മതങ്ങളെ വിശ്വസിക്കുന്നതില്‍ വിരോധമില്ല, പക്ഷേ നമ്മള്‍ പരസ്പരം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ എല്ലാവരും ഒരേ വായു ശ്വസിച്ച് ഒരേ സൂര്യവെളിച്ചത്തില്‍ ജീവിക്കുന്നവരാണ്. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല ജാതിയുമില്ല, രോഗങ്ങള്‍ക്കുമില്ല. എന്നാല്‍ നമ്മള്‍ ഇതിലെല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തന്നെയാണെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Mammootty interacted with a young fan at a cultural event in Kochi. The actor's interaction with the child and his speech about unity and faith resonated with attendees and online viewers.