ശ്രീനിവാസന്‍റെ ഭൗതിക ശരീരം കാണാനെത്തിയ മുഖ്യമന്ത്രിക്ക് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാത്തതിന്‍റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന ധ്യാന്‍ ശ്രീനിവാസന് പിന്തുണയുമായി നടി ഷൈലജ.പി.അമ്പു. മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ,അമേരിക്കൻ പ്രസിഡൻ്റ് തന്നെയോ മുന്നിൽ വന്ന് നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ലെന്നാണ് ഷൈലജ കുറിച്ചത്.
ശ്രീനിവാസന്‍റെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന ധ്യാനിന്‍റെയും വിനീതിന്‍റെയും മാനസികാവസ്ഥയെക്കുറിച്ചും ഷൈലജ വിവരിക്കുന്നുണ്ട്. നിരവധിപേരാണ് ധ്യാനിന് പിന്തുണയുമായി ഷൈലജയുടെ കമന്‍റ് ബോക്സില്‍ എത്തിയത്. 'കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ആദരവ് നല്‍കി പെരുമാറണം, കേരളത്തിന്‍റെ മുഖ്യമന്ത്രി അച്ഛനെ ഒരുനോക്ക് കാണാന്‍ വന്നപ്പോള്‍ അല്‍പ്പം ബഹുമാനമൊക്കെയാകാം, രാഷ്ട്രീയം നോക്കണ്ട പ്രായത്തെ മാനിച്ചെങ്കിലും ഒന്ന് എഴുന്നേല്‍ക്കാമായിരുന്നു, എഴുന്നേറ്റില്ലെങ്കിലും അദ്ദേഹം തോളില്‍ കൈവച്ചപ്പോള്‍ ആ കൈയ്യില്‍ ഒന്ന് തൊടാമായിരുന്നു' എന്നൊക്കെയാണ് ധ്യാനിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കമന്‍റുകളിലൂടെ പറയുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ,അമേരിക്കൻ പ്രസിഡൻ്റ് തന്നെയോ മുന്നിൽ വന്ന് നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ജീവിതത്തോട് ചേർന്നു നിന്ന മനുഷ്യരെ അവർ കെട്ടിപ്പിടിക്കും പൊട്ടിക്കരയും. അതാണ് അവർ സത്യൻ അന്തിക്കാടിനോടൊപ്പം നിൽക്കുമ്പോൾ കണ്ടത്.
പുരുഷത്വത്തിന്‍റെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു. അയ്യേ ആണുങ്ങൾ കരയുമോ? ആണുങ്ങൾ കരയും. മനുഷ്യർ ഇങ്ങനെയാണ്. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്.