എം.മോഹനന്‍റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ചിത്രമാണ് ഒരു ജാതി ജാതകം. നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രം കൂടിയായിരുന്നു ഇത്. വിവാഹിതനാകാന്‍ ആഗ്രഹിക്കുകയും അതിനായി ഒരുപാട് പരിശ്രമിക്കുകയും ചെയ്യുന്ന 30 കഴിഞ്ഞ യുവാവിന്‍റെ കഥയാണ് സിനിമ പറഞ്ഞുവെക്കുന്നത്. വിനീത് ശ്രീനിവാസന് പകരം ചിത്രത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്തത് തന്നെയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടന്‍ അജു വര്‍ഗീസ്.
അരവിന്ദന്‍റെ അതിഥികള്‍ എന്ന സിനിമയുടെ സംവിധായകനായ എം.മോഹനന്‍റെ ചിത്രമായതിനാല്‍ തിരക്കഥ വായിച്ചുനോക്കാതെ തന്നെ താന്‍ സമ്മതം മൂളിയിരുന്നു എന്നാണ് അജു പറയുന്നത്. തിരക്കഥ ആവശ്യമില്ലെന്ന് അറിയിച്ചിട്ടും സംവിധായകന്‍റെ നിര്‍ദേശപ്രകാരം വായിച്ചപ്പോള്‍ തനിക്ക് യോജിക്കുന്ന കഥാപാത്രമല്ലെന്ന് മനസിലായെന്നും അതിനാല്‍ ചിത്രം ഉപേക്ഷിച്ചെന്നുമാണ് അജു വ്യക്തമാക്കിയത്. പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു ജാതി ജാതകം എന്ന സിനിമക്കായി മോഹനന്‍ സാര്‍ എന്നെ വന്ന് കണ്ടിരുന്നു. ഫിനിക്സിന്‍റെ ലൊക്കേഷനില്‍. വിനീത് പറഞ്ഞിട്ട് 15 ദിവസത്തെ ഡേറ്റ് ഞാന്‍ അതിനായി ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. അന്ന് പോകുമ്പോള്‍ സാര്‍ പറഞ്ഞു, ഞാന്‍ സ്ക്രിപ്റ്റ് ഹോട്ടലില്‍ ഏല്‍പ്പിച്ചേക്കാം എന്ന്. ഞാന്‍ പറഞ്ഞു വേണ്ടാ, എന്തായാലും സാറിന്‍റെ പടം ഞാന്‍ ചെയ്യുമെന്ന്. അപ്പോഴും അദ്ദേഹം ഏല്‍പ്പിച്ചിക്കാം എന്ന് പറഞ്ഞു. സീനിയറായതുകൊണ്ട് ഞാന്‍ എതിര്‍ക്കാന്‍ പോയില്ല, എന്നാല്‍ ഏല്‍പ്പിച്ചോളൂ എന്ന് പറഞ്ഞു. ഒരു ദിവസം ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ ഞാന്‍ കഥ വായിച്ചു. വായിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. വായിച്ചപ്പോള്‍ എനിക്ക് ആ ക്യാരക്ടര്‍ വര്‍ക്ക് ആയില്ല. അല്ലെങ്കില്‍ ഞാന്‍ അത് പോയി ചെയ്തേനെ'- അജു വര്‍ഗീസിന്‍റെ വാക്കുകള്‍.