samantha-ruth-prabhu-mobbed

ദിവസങ്ങള്‍ക്ക് മുന്‍പാണ് 'ദി രാജാസാബ് ' സിനിമയിലെ ഓഡിയോ ലോഞ്ചിനിടെ നായിക നിധി അഗര്‍വാളിന് നേരെ ആരാധകരുടെ അതിക്രമമുണ്ടായത്. നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനുമെല്ലാമായിരുന്നു ആരാധകരുടെ ശ്രമം. നാലുഭാഗത്തുനിന്നും ആരാധകർ വളഞ്ഞതോടെ നടി അവർക്കിടയിൽ പെട്ടുപോവുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയുണ്ടായി. പിന്നാലെ ഇതേ ദുരനുഭവമാണ് ഇന്നലെ തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവിനും നേരിടേണ്ടി വന്നത്. 

ഞായറാഴ്ച ഹൈദരാബാദിൽ ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സാമന്ത. എന്നാല്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയില്‍ സാമന്തയും കുടുങ്ങുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുണ്ട്. വിഡിയോകളിൽ മനോഹരമായ പട്ടുസാരി ധരിച്ചെത്തിയ സാമന്ത വേദിയിൽ നിന്ന് വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നത് കാണാം. ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. എന്നിട്ടുപോലും വലിയ ജനക്കൂട്ടത്തില്‍ നിന്ന് പുറത്തേക്ക് സാമന്തയ്ക്ക് പുറത്തുപോകാന്‍ കഴിയുന്നില്ല. വഴിയുണ്ടാക്കുന്നതില്‍ സുരക്ഷാ ജീവനക്കാരും പരാജയപ്പെടുകയായിരുന്നു. ഇടയ്ക്ക് ഓരാള്‍ സാമന്തയുടെ സാരിയില്‍ ചവിട്ടുന്നതും ദേഹത്തേക്ക് വീഴാന്‍ പോകുന്നതും വിഡിയോയില്‍ കാണാം. എന്നിരുന്നാലും ആരാധകരുടെ തിക്കിനും തിരക്കിനുമിടയിലും ശാന്തമായും പുഞ്ചിരിച്ചും സംയമനത്തോടെയും നില്‍ക്കുന്ന സാമന്തയെ ദൃശ്യങ്ങളില്‍ കാണാം. 

ദൃശ്യങ്ങള്‍ വൈറലായതോടെ ഓണ്‍ലൈനില്‍ കാര്യമായ ചര്‍ച്ചകളും ആരംഭിച്ചു. പലരും ഈ പൗരബോധമില്ലായ്മയ്ക്കെതിരെ രൂക്ഷമായി തന്നെയാണ് പ്രതികരിക്കുന്നത്. ‘ദയനീയം’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘രാജാസാബ് സംഭവത്തിന് ശേഷവും ആരാധകർക്ക് എന്തുകൊണ്ടാണ് തങ്ങളുടെ അതിരുകൾ മനസ്സിലാകാത്തതെന്ന്’ മറ്റൊരാളും പ്രതികരിച്ചു. അതേസമയം പരിപാടിയുടെ സംഘാടകരേയും  സെലിബ്രിറ്റി മാനേജ്‌മെന്റ് ടീമുകളെയും വിമർശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ‘എത്ര സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്? സെലിബ്രിറ്റികളെ കാണാനെത്തി തിക്കിലും തിരക്കിലും ആളുകള്‍ മരണപ്പെട്ട എത്ര സംഭവങ്ങള്‍. എന്നിട്ടും ദക്ഷിണേന്ത്യയിൽ സെലിബ്രിറ്റികളോടുള്ള ഭ്രാന്തമായ ആരാധന മാറുന്നില്ല’ മറ്റൊരാള്‍ കുറിച്ചു. 

ENGLISH SUMMARY:

South Indian actress Samantha Ruth Prabhu faced a harrowing experience at a store inauguration in Hyderabad. Despite tight security, a massive crowd mobbed the actress, with some fans even stepping on her saree and falling towards her. This incident follows a similar assault on Nidhhi Agerwal at the 'The Raja Saab' audio launch. Netizens have slammed the lack of civic sense and poor crowd management by organizers in South India.