Actor James Ransone (AP Photo/Danny Moloshok, File)
അമേരിക്കന്‍ ക്രൈം ടെലിവിഷന്‍ പരമ്പരയായ ദി വയര്‍, ഹൊറര്‍ ചിത്രം ഇറ്റ്; ചാപ്ടര്‍ ടു എന്നവയിലൂടെ പ്രശസ്തനായ നടൻ ജെയിംസ് റാൻസൺ ലോസ് അന്തരിച്ചു. 46 വയസായിരുന്നു. വെള്ളിയാഴ്‍ചയാണ് താരത്തെ ലൊസാഞ്ചലസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. മരണവാര്‍ത്തയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനം രേഖപ്പെടുത്തി ആരാധകരും സഹതാരങ്ങളും എത്തുന്നുണ്ട്. ‘ആർഐപി ജെയിംസ് റാൻസൺ, എന്നെ നിരന്തരം ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത അതുല്യ നടൻ’ എന്നാണ് പ്രമുഖ അഭിനേതാവായ ഫ്രാങ്കോയിസ് അർനോഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
1979 ൽ ബാൾട്ടിമോറിലാണ് ജെയിംസ് റാൻസണിന്‍റെ ജനനം. മേരിലാൻഡിലെ ടോവ്‌സണിലുള്ള കാർവർ സെന്റർ ഫോർ ആർട്‌സ് ആൻഡ് ടെക്‌നോളജിയിൽ പഠനം. 2002 ൽ പുറത്തിറങ്ങിയ കെൻ പാർക്കിൽ സഹനടനായി അഭിനയത്തിലേക്ക്. ഒരു വർഷത്തിനുശേഷമാണ് ഡേവിഡ് സൈമണിന്റെ ഏറെ നിരൂപക പ്രശംസ നേടിയ ബാൾട്ടിമോർ ക്രൈം നാടകമായ ദി വയറിന്റെ രണ്ടാം സീസണില്‍ അഭിനയിക്കുന്നത്. പിന്നീട് ജനറേഷൻ കിൽ എന്ന പരമ്പരയില്‍ അലക്സാണ്ടർ സ്കാർസ്ഗാർഡിനൊപ്പം അഭിനയിച്ചു. അതിനുശേഷമാണ് ഹിറ്റ് ഹോളിവുഡ് ഹൊറർ ചിത്രമായ 'ഇറ്റ്: ചാപ്റ്റർ ടു'വിലെ വേഷം ചെയ്യുന്നത്. ഇതിന് ധാരാളം പ്രശംസയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 'ടാംഗറിൻ', 'സിനിസ്റ്റർ', 'സിനിസ്റ്റർ 2', 'ഓൾഡ്‌ബോയ്', ദി ബ്ലാക്ക് ഫോൺ, 'പോക്കർ ഫേസ്', 'ലോ & ഓർഡർ', 'ഹവായ് ഫൈവ്-0', 'സീൽ ടീം', 'ദി ഫസ്റ്റ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പ്രശസ്തമായ ചിത്രങ്ങള്‍.
2021 ൽ മേരിലാൻഡ് പബ്ലിക് സ്കൂളുകളിൽ ജോലി ചെയ്തിരുന്ന ഒരു മുൻ അദ്ധ്യാപകൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റാൻസൺ വെളിപ്പെടുത്തിയിരുന്നു. ആ അനുഭവങ്ങള്‍ തന്നെ മദ്യത്തിന്‍റെയും ലഹരിയുടെയും അടിമയാക്കിമാറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ അഭിമുഖങ്ങളിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തന്റെ പോരാട്ടങ്ങളെക്കുറിച്ചും റാൻസൺ തുറന്നു പറഞ്ഞിരുന്നു.