തന്‍റെ മോര്‍ഫ് ചെയ്ത ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്‍മയി ശ്രീപദ. ചിത്രം തന്‍റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തും പൊലീസിനെ ടാഗ് ചെയ്തുമാണ് ചിന്‍മയി പോസ്റ്റിട്ടത്. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രം എന്നതിലുപരി തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് തുറന്നുപറയുന്ന വിഡിയോയും ഗായിക പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നു.
തന്നെപ്പോലെ പ്രശ്നങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളെ, ഇത്തരം പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്നോട് പ്രതികാരമുള്ള ആരോ ആണ് ഇത് പ്രചരിപ്പിക്കുന്നത് അത് ഒരു പുരുഷനോ സ്ത്രീയോ ആകാം. താന്‍ ഇതിനെക്കുറിച്ച് തന്‍റെ സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ ലോണ്‍ ആപ്പുകളില്‍ നിന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് പലര്‍ക്കും ഭീഷണി ഉണ്ടായ സംഭവത്തെക്കുറിച്ച് പലരും പറഞ്ഞു. ഇത്തരം ഒരു ഭീഷണി ഉണ്ടായാല്‍ ഭയപ്പെടേണ്ട ആവശ്യമില്ല. ഇത്തരം ഫോട്ടോകള്‍ ഉണ്ടാക്കുന്നവര്‍ വളര്‍ത്തുദോഷം വന്ന പുരുഷന്‍മാരാണ്. ഒരു കാലത്തും അവര്‍ക്ക് ഒരു ബന്ധവും സ്ഥാപിക്കാനാവില്ല. ഈ നിരാശയാണ് അവരെ ഇത്തരം പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്. എഐ വരെ അവര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാരാണ് സ്ത്രീകളുടെ ജീവന് ഭീഷണി. ഇവര്‍ പീഢകരും ആസിഡ് ആക്രമികളുമായി മാറുന്നു. ഇത് സാധാരണയാവും. ഇതിനെ ശ്രദ്ധിക്കാതിരിക്കുക എന്നത് മാത്രമാണ് സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച പ്രതികരണം എന്ന് ചിന്‍മയി തന്‍റെ പോസ്റ്റില്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് മംഗള്‍സൂത്ര (താലി) അണിയേണ്ടത് 'ചിന്‍മയിയുടെ ചോയ്സാണെന്ന്' ഭര്‍ത്താവ് രാഹുല്‍ രവിചന്ദ്രന്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ച് നാളുകളായി തന്നെയും കുട്ടികളെയും കുറച്ചാളുകള്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിന്‍മയി തന്‍റെ പോസ്റ്റില്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്കെതിരെ ചിലര്‍ വധഭീഷണി വരെ ഉയര്‍ത്തുന്നു. അവരുടെ ഇഷ്ടപ്പെട്ട പീഢകനെക്കുറിച്ച് താന്‍ സംസാരിച്ചതിനാല്‍ തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഐടി സെല്ലുകള്‍ വരെ സ്ഥാപിച്ചിട്ടുണ്ടെന്ന് ചിന്‍മയി പറഞ്ഞു.
തന്‍റെ മോര്‍ഫ് ചെയ്ത ചിത്രത്തിന് താഴെ കമന്‍റിട്ട ആളുകളുടെ ഫോട്ടോയും ചിന്‍മയി പോസ്റ്റ് ചെയ്തു. ഒരു കാരണവശാലും ഇവര്‍ക്ക് തങ്ങളുടെ മക്കളെ കല്യാണം കഴിച്ചുകൊടുക്കരുതെന്ന് ഗായിക പറഞ്ഞു. ഇവരില്‍ പലരും വിദേശ രാജ്യങ്ങളില്‍ ഉന്നത ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇവരുടെ മനോനില ഏറെ അധഃപതിച്ചതാണ് എന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇത് സാധാരണമാകും. എല്ലാക്കാലത്തും പുരുഷന്‍മാര്‍ പണവും സാങ്കേതികവിദ്യയും പദവിയും ഉപയോഗിച്ച് സ്ത്രീകളെ നാണംകെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. തന്‍റെ ഫോട്ടോ തന്നെയോ കുടുംബത്തെയോ ബാധിക്കുന്നില്ല. ആരെയും ഇത് ബാധിക്കരുത്. നിങ്ങളുടെ മക്കളെയോ അമ്മയേയോ ഭാവിയില്‍ ഇങ്ങനെ കണ്ടാല്‍ അത്ഭുതപ്പെടരുത് ഇത് സാധാരണയാവും ഭാവിയില്‍ അതിനാല്‍ ശക്തമായി മുന്നേറുക, വേണ്ടിവന്നാല്‍ പരാതിപ്പെടുക എന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു.