നടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന് പിന്തുണയുമായി സിനിമാമേഖലയില്‍ നിന്നുള്ള പലരും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. സത്യം ഇത്ര മൂടി വെച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരുമെന്ന് കോടതിയിൽ തെളിഞ്ഞെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി ഇരക്ക് നീതി നൽകിയ കോടതിക്ക് ഒരു ബിഗ് സല്യൂട്ട് എന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
വര്‍ഷങ്ങളായി ദിലീപ് വേട്ടയാടപ്പെടുകയായിരുന്നെന്നും ഇനി അയാള്‍ക്ക് മനസ്സ് തുറന്നു ചിരിക്കാൻ അയാൾക്ക് കഴിയണമെന്നും അഭിലാഷ് പറയുന്നു. നടി ലക്ഷ്മിപ്രിയയും ദിലീപ് പിന്തുണയുമായി എത്തിയിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ അന്നും ഇന്നും വിശ്വസിക്കുന്നില്ലെന്നും ആഗ്രഹിച്ചതുപോലെ കോടതി വിധി വന്നതില്‍ സന്തോഷമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ദിലീപിനെ വിശ്വസിക്കുന്നു എന്നതിന് അര്‍ത്ഥം താന്‍ നടിക്കൊപ്പമല്ല എന്നല്ലെന്നുമായിരുന്നു ലക്ഷ്മിപ്രിയ വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇനിയൊന്ന് മനസ്സ് തുറന്നു ചിരിക്കാൻ അയാൾക്ക് കഴിയണം. കാരണം വർഷങ്ങളായി ഈ മനുഷ്യനും ഇവിടെ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുവായിരുന്നു, സത്യം ഇത്ര മൂടി വെച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരുമെന്ന് കോടതിയിൽ തെളിഞ്ഞു. യഥാർത്ഥ പ്രതികളെ കണ്ടെത്തി ഇരക്ക് നീതി നൽകിയ കോടതിക്ക് ഒരു ബിഗ് സല്യൂട്ട്