രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി സീമ ജി.നായര്‍. രാഹുലിനെ പിന്തുണച്ചതിന്‍റെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് സീമ നല്‍കുന്നത്. പുതിയ പോസ്റ്റിന് താഴെ വന്ന കമന്‍റുകള്‍ക്ക് അതേ നാണയത്തില്‍ സീമ ജി നായര്‍ മറുപടി നല്‍കുന്നുണ്ട്. 

‘‘അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണം ആവുമെങ്കിൽ, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവർക്കും നന്മകൾ നേരുന്നു’’ എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്‍റുകള്‍. 

ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്‍റ്. താൻ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ,ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ പ്രതിഫലമാണ് കിട്ടിയത്’, എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. ‘ഒരുപാട് കിട്ടി പരസ്യമാക്കാൻ പറ്റില്ലല്ലോ’ എന്ന് സീമ മറുപടി നൽകി.

പൊത്തിൽ നിന്ന് ഇറങ്ങിയോ?’ എന്നാണ് ഒരാളുടെ പരിഹാസ കമന്‍റ്. ‘നിന്റെ വീട്ടിലുള്ളവരായിരിക്കും പൊത്തിൽ ഒളിച്ചത്’ എന്നായിരുന്നു സീമ മറുപടി. ‘അയ്യോ ഇപ്പോൾ എന്താ ഇങ്ങനെ. എല്ലാം പെട്ടന്ന് മാറുന്നു. അപ്പോൾ പൊലീസിനെ പേടിയുണ്ട് കൊച്ചമ്മയ്ക്ക്’ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ ‘എന്താടാ മാറിയത്’ എന്ന് സീമ തിരിച്ചു ചോദിച്ചു.‘നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്പുരാൻ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ’ എന്നതിന് ‘നിന്റെവീട്ടിൽ കേറി ഇരിപ്പുണ്ട്’ എന്നും നടി മറുപടി നൽകി.

പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നാണ് സീമ നേരത്തെ പറഞ്ഞത്. എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സീമ പറഞ്ഞിരുന്നു. അതുകൊണ്ട് ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് കരുതണ്ടെന്നും സീമ നേരത്തെ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ENGLISH SUMMARY:

Seema G Nair is facing criticism for supporting Rahul Mamkootathil. The Malayalam actress responds strongly to cyber attacks and defends her stance on social media.