TOPICS COVERED

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89)  അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്.  രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. 

ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.  ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 

1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്. 

ENGLISH SUMMARY:

Legendary Actor Dharmendra Passes Away At 89