പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ട്രെയിലർ പുറത്തിറങ്ങി. മാസും ആക്ഷനും നിറഞ്ഞ പക്കാ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന പൃഥ്വിരാജിനെയും കട്ടയ്ക്ക് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന ഷമ്മി തിലകനെയും കാണാം. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ നവംബർ 21ന് തിയറ്ററുകളിൽ എത്തും
ഉർവ്വശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ ആണ് 'വിലായത്ത് ബുദ്ധ' നിർമ്മിക്കുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.