TOPICS COVERED

പ്രഭാസിന്‍റെ ഹൊറർ - ഫാന്‍റസി ചിത്രം 'രാജാസാബ്' തിയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ പ്രഭാസിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. സിനിമാലോകത്ത് താരം 23 വർഷങ്ങള്‍ പിന്നിട്ടതിന്‍റെ ആശംസകളറിയിച്ച് സ്പെഷൽ പോസ്റ്റർ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

‘23 വ‌ർഷങ്ങളായി ഹൃദയങ്ങൾ ഭരിക്കുന്നവൻ, 23 വർഷങ്ങളായി അതിരുകൾ ഇല്ലാതാക്കിയവൻ, 23 വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ റിബൽ സ്റ്റാർ പ്രഭാസിന് ഈ മഹത്തായ നാഴികക്കല്ല് പിന്നിടുമ്പോൾ രാജാസാബ് ടീം ആശംസകൾ നേരുന്നു' എന്നാണ് പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവ‍ർത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. 'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി

ENGLISH SUMMARY:

Raja Saab is an upcoming Pan-Indian horror fantasy thriller film starring Prabhas in the lead role. The movie promises to be a visual spectacle with thrilling moments and is set to release soon.