മില്ലി ബോബി ബ്രൗണും ഡേവിഡ് ഹാർബറും സ്ട്രേഞ്ചർ തിങ്സില്‍ | Image: Netflix
സയന്‍സ് ഫിക്ഷന്‍ സീരീസ് ആരാധകരുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട ഷോ ‘സ്ട്രേഞ്ചർ തിങ്സ്’ അഞ്ചാം സീസണ്‍ പുറത്തിറങ്ങാനിരിക്കെ പ്രധാന അഭിനേതാക്കളില്‍ ഒരാളായ ഡേവിഡ് ഹാർബറിനെതിരെ പീഡന പരാതിയുമായി സഹതാരം മില്ലി ബോബി ബ്രൗൺ. ഡേവിഡ് ഹാർബർ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് മില്ലിയുടെ പരാതി. മില്ലി മാത്രമല്ല ഡേവിഡ് ഹാർബറിന്‍റെ മുൻ ഭാര്യ ലില്ലി അലനും നേരത്തേ താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
‘സ്ട്രേഞ്ചർ തിങ്സ്’ ആരാധകര്‍ക്ക് മറക്കാനാകാത്ത അച്ഛൻ- മകൾ ബന്ധത്തെ സ്ക്രീനിലെത്തിച്ചവരാണ് ഡേവിഡ് ഹാർബറും മില്ലി ബോബി ബ്രൗണും. സീരീസില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ ഇലവന്‍ ആയി എത്തുന്ന മില്ലി ബോബി ബ്രൗണിന്റെ വളർത്തച്ഛന്‍ ജിം ഹോപ്പറായിട്ടാണ് ഡേവിഡ് ഹാർബർ അഭിനയിക്കുന്നത്. റഡാർ ഓൺലൈനും ഡെയ്‌ലി മെയിലും പറയുന്നതനുസരിച്ച് സീരീസിന്‍റെ അവസാന സീസണിന്റെ ചിത്രീകരണത്തിനിടെ ഹാര്‍ബര്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് മില്ലിയുടെ പരാതി. നിരവധി പേജുകളിലായാണ് മില്ലിയുടെ പരാതി. പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് ആഭ്യന്തര അന്വേഷണം നടത്തിയതായി റിപ്പോർട്ടുണ്ട്. എങ്കിലും നെറ്റ്ഫ്ലിക്സ് അന്വേഷണം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ലൈംഗിക ആരോപണങ്ങളൊന്നും പരാതിയിലില്ല എന്നാണ് റിപ്പോര്‍ട്ട്.
ഈ വിവാദങ്ങള്‍ക്ക് പിന്നാലെ ഡേവിഡ് ഹാർബറിന്‍റെ വ്യക്തിജീവിതവും ചര്‍ച്ച ചെയ്യപ്പെടാന്‍ ആരംഭിച്ചിട്ടുണ്ട്. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം അദ്ദേഹത്തിന്റെ മുൻ ഭാര്യ ബ്രിട്ടീഷ് ഗായിക ലില്ലി അലൻ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ലില്ലി അലന്‍റെ പുതിയ ആൽബമായ വെസ്റ്റ് എൻഡ് ഗേളിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കവേയാണ് ഡേവിഡ് ഹാര്‍ബറുമായുള്ള ജീവിതം വീണ്ടും ചര്‍ച്ചയാകുന്നത്. തന്‍റെ നാല് വർഷത്തെ ദാമ്പത്യജീവിതത്തിലെ വേദനകളാണ് ആൽബം ലില്ലി അലന്‍റെ പുതിയ ആല്‍ബമെന്നാണ് പൊതുവേ പറയപ്പെടുന്നത്. നേരത്തെ 2021 ല്‍ പുറത്തിരങ്ങിയ വീ ഹാവ് എ ഗോസ്റ്റിൽ തന്നോടൊപ്പം ജോലി ചെയ്തിരുന്ന കോസ്റ്റ്യൂം ഡിസൈനര്‍ നതാലി ടിപ്പറ്റുമായും ഡേവിഡ് ഹാർബറിന് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘സ്ട്രേഞ്ചർ തിങ്സിന്‍റെ അവസാന സീസൺ വൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് പുതിയ വിവാദങ്ങള്‍. 2016 ലാണ് ‘സ്ട്രേഞ്ചർ തിങ്സ്’ സംപ്രേക്ഷണം ആരംഭിക്കുന്നത്. മില്ലി ബോബി ബ്രൗണിന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സീരീസ്. വെറുമൊരു അഭിനേത്രി എന്നതില്‍ നിന്നും മില്ലി ബോബി ബ്രൗണിനെ സീരീസ് ആഗോള താരമാക്കി മാറ്റി. നെറ്റ്ഫ്ലിക്സിനെ ഹോളിവുഡിലെ ഏറ്റവും വലിയ സ്റ്റുഡിയോകളിൽ ഒന്നാക്കി മാറ്റാനും പരമ്പരയ്ക്ക് കഴിഞ്ഞു. രണ്ടു ഭാഗങ്ങളായാണ് അവസാന സീസണ്‍ എത്തുന്നത്. സീസൺ 5 ഒന്നാം ഭാഗം നവംബർ 26 ന് റിലീസ് ചെയ്യും. രണ്ടാം ഭാഗം ഡിസംബർ 25 ന് പുറത്തിറങ്ങും. വിവാദങ്ങളൊന്നും ഷോയുടെ കാഴ്ചക്കാരെ ബാധിക്കില്ലെന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് ഫൈനലിവായി കാത്തിരിക്കുന്നത്.