കറപുരണ്ട പല്ലുകാട്ടി , മുറുക്കിത്തുപ്പി, മുഷിഞ്ഞ മുണ്ടും ചുറ്റി ഇടതു തോളിൽ മേൽമുണ്ടിട്ട്, കഴുത്തിൽ നീളൻ മണിമാല അണിഞ്ഞ്, വഴിതെറ്റിവന്ന സ്തുതിപാടകൻ മാത്രമായ പാണനെ തറവാട്ടിലേക്ക് വശീകരിച്ചുക്കുമ്പോള്‍ മനയിലാകെ നിറയുന്ന ഒരു ചിരിയുണ്ട്. ഭീതിയുടെ , അഹങ്കാരത്തിന്‍റെ, ദാര്‍ഷ്ട്യത്തിന്‍റെ എല്ലാം മൂര്‍ത്തിഭാവങ്ങളും ഉള്ളിലാക്കി മമ്മൂട്ടി എന്ന നടന്‍റെ ചിരി. ‘ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..’ ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമിലെ ക്ലോസും മിഡും കട്ട് ഷോട്ടില്‍ കൊടുമൺ പോറ്റിയാണോ അതോ മമ്മൂട്ടിയാണോ എന്ന് നമ്മുക്ക് തിരിച്ചറിയാനാകില്ല, മലയാളത്തിൽ ഇതുവരെ കണ്ട ഹൊറർ സിനിമകൾക്ക് ഒരു പടി മുകളിൽ നിൽക്കുന്ന അനുഭവം പ്രേക്ഷകന് ഭ്രമയുഗം സമ്മാനിക്കുമ്പോള്‍ അവിടെ കയ്യടി മമ്മൂട്ടി എന്ന നടന് മാത്രമാണ്. എന്തിന് കയ്യടിക്കണമെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു ചിത്രത്തിലൊരിടത്തും കാലങ്ങളായി മലയാളി കണ്ട മമ്മൂട്ടിയെ കാണാൻ കഴിയില്ല എന്നത് തന്നെ.
അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം അതാണ് ഇന്നും മമ്മൂട്ടിയെ തിരശീലയിലും പുറത്തും നിലനിര്‍ത്തുന്നത്. അവിടെ ഏതു രോഗത്തിന്‍റെ ഇടവേള പിന്നിട്ടും അയാള്‍ ജയിച്ചുകയറും. ഭ്രമയുഗം പ്രഖ്യാപിച്ചപ്പോള്‍ അഥർവ്വത്തിലെ തേവള്ളി അനന്തപത്മനാഭനേയോ, വിധേയനിലെ ഭാസ്കര പട്ടേലരെയോ പ്രതീക്ഷിച്ചവരുടെ മുന്നിലായിരുന്നു കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി നിവര്‍ന്ന് നിന്നത്. ഭയത്തിന്‍റെ എട്ടുകാലിവല നെയ്ത് അതിൽ കാണികളെ ഒരക്ഷരം മിണ്ടാൻ കഴിയാതെ കുരുക്കിയിടുന്നതിൽ മമ്മൂട്ടിയല്ലാതെ മറ്റാര്‍ക്കാണ് പറ്റുക.
‘ഭ്രമയുഗം കണ്ട് ഉറക്കം നഷ്ടപ്പെട്ടു, നമ്മൾ ഒരു സീൻ ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുക്കുമ്പോൾ മലയാളത്തിൽ ഒരു സിനിമതന്നെ അങ്ങനെ ചെയ്തു’ മാരി സെൽവരാജിന്‍റെ ഈ വാക്കിലുണ്ട് ഭ്രമയുഗം എന്ന സിനിമയുടെ ക്രാഫ്റ്റ്. അമാനുഷികതയുടെയും ഭ്രമിപ്പിക്കലിന്റെയും ഇടയിലൂടെ പറഞ്ഞുറപ്പിക്കുന്ന രാഷ്ട്രീയം ഈ സിനിമയെ ഈ കാലത്തിന്റേതു കൂടിയാക്കുന്നു. അതിനൊപ്പമുള്ള മമ്മൂട്ടിയുടെ വിസ്മയം കാലത്തിന്‍റെ നേര്‍കാഴ്ചയാണ്. പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി മാറി എന്നത് പുതിയ കാലത്തിന്‍റെ ക്ലീഷേവാക്കായി മാറി. അയാള്‍ എന്നും പരീക്ഷണങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഭ്രമയുഗം അത് ഊട്ടിയുറപ്പിക്കുന്നുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആ നടനമികവിന് ലഭിക്കുന്ന വാഴ്ത്തലുകളാണ് സാക്ഷ്യം.
ചെമ്പിലെ രാജാ തിയറ്ററിലെ വെള്ളിവെളിച്ചത്തില്‍ സിനിമ എന്ന മൂന്നക്ഷരം കണ്ട് തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് പി. ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ സിനിമയോടുള്ള അഭിനിവേശം. തേവര കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴും പിന്നീട് മഹാരാജാസ് കോളജിലും എറണാകുളം ലോ കോളേജിലും പഠിക്കുമ്പോഴും അത് അണുവിടകുറഞ്ഞില്ല. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളില്‍ ബഹദൂറിന്‍റെ കൂടെ പരിഭ്രാന്തനായി ഓടിവരുന്ന യുവാവില്‍ നിന്ന് ഇന്നത്തെ മമ്മൂട്ടിയിലേയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല, സ്വയം നവീകരിച്ചും കാലത്തിനൊപ്പം സഞ്ചരിച്ചും മെഗാസ്റ്റാര്‍ പട്ടത്തിനുമപ്പുറം അഭിനയം എന്ന കലയോട് അയാള്‍ കാണിച്ച നീതി ഇന്നത്തെ പുരസ്കാരം വരെ എത്തിനില്‍ക്കുന്നു. വെള്ളിത്തിരയില്‍ ആ മുഖം തെളിഞ്ഞിട്ട് 50 വര്‍ഷം കഴിഞ്ഞു. ഇനിയും ഒട്ടേറെ മികച്ച കഥാപാത്രങ്ങളും അംഗീകാരങ്ങളും ആ ഇതിഹാസ താരത്തെ കാത്തിരിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക...വീണ്ടും വീണ്ടും വിസ്മയിപ്പിക്കുക