സൂപ്പർസ്റ്റാറിന്റെ ക്ഷേമം അന്വേഷിച്ച് മെഗാസ്റ്റാർ. നടൻ മമ്മൂട്ടിയാണ് എന്നും എന്റെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന മലയാള സിനിമയുടെ കാരണവർ മധുവിനെക്കാണാനെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് മമ്മൂട്ടി തിരുവനന്തപുരം കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടിലെത്തിയത്.
മധുവിന്റെ മകൾ ഉമയും ഭർത്താവ് കൃഷ്ണകുമാറും ചേർന്ന് അപ്രതീക്ഷിത അതിഥിയെ സ്വീകരിച്ചു. വർഷങ്ങൾക്ക് മുമ്പ് ചെമ്പിൽ മധു ഷൂട്ടിങ്ങിന് എത്തിയതും മമ്മൂട്ടിയും കൂട്ടുകാരും വള്ളത്തിൽ ലൊക്കേഷനിൽ എത്തിയതും അവരോടൊപ്പം വള്ളത്തിൽ കയറി ചുറ്റാൻ പോയതുമൊക്കെ ഇരുവരും ഓർത്തെടുത്തു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ഇരുവർക്കും ഏറെ സംസാരിക്കാനുണ്ടായിരുന്നുവെന്ന് ഉമയുടെ സാക്ഷ്യം. രണ്ടുവർഷം മുമ്പ് താര സംഘടനയായ അമ്മയുമായി ചേർന്ന് മധുവിന് മഴവിൽ മനോരമയുടെ അൾട്ടിമേറ്റ് എന്റർടെയ്നർ അവാർഡ് സമ്മാനിച്ചപ്പോൾ മധുവിനെ എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ എന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചത്.
മധുവിനെ വേണ്ടി മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നത് കണ്ണമ്മൂലയിലെ വീട്ടിലിരുന്ന് മധു തൽസമയം കണ്ടിരുന്നു. ഉടനെ വീണ്ടും കാണാം എന്ന വാക്കുമായാണ് അന്ന് മമ്മൂട്ടി മടങ്ങിയത്.