എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വിഡിയോ നിർമിച്ചതായി നടൻ ചിരഞ്ജീവി. ഹൈദരാബാദ് സൈബർ പൊലീസിൽ താരം പരാതി നൽകി. നിരവധി വെബ്സൈറ്റുകളുടെ പേരുകൾ പരാതിയിൽ പരാമർശിക്കുന്നുണ്ട്. പരാതിയെ തുടർന്ന് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തന്റെ പേരും ചിത്രവും ഉപയോഗിച്ച് എഐ നിർമിതമായ അശ്ലീല വിഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. ഇതിന് പിന്നിൽ സംഘടിത ശൃംഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റുകൾ പരസ്പരം ഉള്ളടക്കം ക്രോസ്-പ്രമോട്ട് ചെയ്യുകയും റീപോസ്റ്റ് ചെയ്യുകയും മിറർ ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. തന്റെ രൂപസാദൃശ്യമുള്ള എല്ലാ അശ്ലീല വിഡിയോകളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് താരം പൊലീസിനോട് ആവശ്യപ്പെട്ടു.