ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങി സീരിയൽ താരം പ്രീത പ്രദീപും ഭർത്താവ് വിവേക്.വി.നായരും. സമൂഹമാധ്യമങ്ങളിലൂടെയാണ് കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം നടി ആരാധകരുമായി പങ്കുവച്ചത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്ന വിഡിയോ ആണ് പ്രീത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോയ്ക്കൊപ്പം വൈകാരികമായ കുറിപ്പും ചേർത്തിട്ടുണ്ട്.
‘ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗതീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടെയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു’, പ്രീത കുറിച്ചു
പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് ഇരുവർക്കുമെത്തുന്നത്. ‘ആറ് വർഷം മുമ്പ് 2019 ആഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം. മൂന്നുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധ നേടിയത്.