shibu-baby-valiban

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്ന നിലയ്​ക്ക് വലിയ പ്രേക്ഷക പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമായിരുന്നു മലൈക്കോട്ട വാലിബന്‍. എന്നാല്‍ സിനിമ വലിയ പരാജയമാവുകയും വിമര്‍ശനം നേരിടുകയും ചെയ്​തു. പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍. സിനിമക്ക് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് പറയുകയാണ് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. ഒറ്റ ഭാഗമായി ഇറക്കാന്‍ തന്നെ ഉദ്ദേശിച്ച ചിത്രമായിരുന്നുവെന്നും രണ്ട് ഭാഗങ്ങളാക്കിയ സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു. 

'മലൈക്കോട്ട വാലിബന്‍റെ രണ്ടാം ഭാഗം ഉണ്ടാകില്ല. ഒറ്റഭാഗമായി തന്നെ ഇറക്കാന്‍ ഉദ്ദേശിച്ച ചിത്രമാണ്. അതിന്‍റെ കഥയാണ് സംവിധായകന്‍ പറഞ്ഞത്. മോഹന്‍ലാല്‍ പത്തുമിനിറ്റുകൊണ്ട് അംഗീകരിച്ച കഥയാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ കഥയില്‍ കുറച്ചുമാറ്റങ്ങള്‍ അറിയാതെ കടന്നുവന്നു. പലതടസ്സങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം. ഞാന്‍ ആരേയും കുറ്റംപറയുന്നില്ല. 

അങ്ങനെ ഒരു ഘട്ടം വന്നപ്പോള്‍ ഇത് രണ്ടുഭാഗമായി ഇറക്കാം എന്ന അഭിപ്രായം വന്നു. ഞാനും മോഹന്‍ലാലുമടക്കം അതിനോട് വിയോജിച്ചു. പറഞ്ഞ സിനിമ മാത്രം എടുത്താല്‍ മതി എന്ന നിലയിലായിരുന്നു. രണ്ടുഭാഗമായി ഇറക്കാമെന്ന് പറയുകയും അങ്ങനെ പറ്റില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചതുമാണ്. പക്ഷേ, അതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞ കഥയല്ല, ഇപ്പോള്‍ വന്നത്. രണ്ടാം ഭാഗം വരുമെന്ന നിലയില്‍ നിര്‍ബന്ധിതമായി കഥ അവസാനിപ്പിക്കുകയായിരുന്നു. അതാണ് ആ സിനിമക്ക് തിരിച്ചടിയായത്. 

നല്ലൊരു സിനിമയാണ്, മോശമല്ല. എന്നാല്‍, പ്രതീക്ഷ വളരെ അധികമായിരുന്നു. അതിന്‍റെ ദോഷമുണ്ടായി. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന പടം എന്ന നിലയില്‍ വാനോളം പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ മറ്റൊരു ലെവലിലേക്ക് പോയതാണ്. രണ്ടാംഭാഗത്തിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. രണ്ടാംഭാഗത്തിന് പരിപാടിയില്ല,' ഷിബു ബേബി ജോണ്‍ പറഞ്ഞു. 

ENGLISH SUMMARY:

Malaikottai Vaaliban will not have a sequel according to the producer. The movie faced challenges during production, leading to unintended story changes and a forced ending, impacting its overall reception.