TOPICS COVERED

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ ആടുജീവിതത്തിന് അവാര്‍ഡൊന്നും ലഭിക്കാത്തത് ചര്‍ച്ചയായിരുന്നു. സുദീപ്​തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിക്ക് മികച്ച ഛായാഗ്രണത്തിനുള്ള അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആടുജീവിതത്തിന് അവാര്‍ഡ് ലഭിക്കാത്തതില്‍ ജൂറിയെ ന്യായീകരിച്ചുകൊണ്ടുള്ള സുദീപ്തോ സെന്നിന്‍റെ കമന്‍റ് ശ്രദ്ധ നേടുകയാണ്. വിഎഫ്​എക്സ് ഉപയോഗിച്ചതുകൊണ്ടാണ് ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതെന്നാണ് സുദീപ്തോ സെന്നിന്‍റെ വാദം. 

'ഛായാഗ്രണത്തിന് അവാര്‍ഡ് കൊടുക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? എനിക്കും ആടുജീവിതം ഇഷ്​ടമാണ്. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് വിഎഫ്​എക്സ് ഉപയോഗിച്ചാണ്. പുരസ്കാരം സമ്മാനിച്ചുകൊണ്ട് ജൂറി പറഞ്ഞത് എന്താണെന്ന് കേള്‍ക്കൂ. ഇന്‍സ്റ്റഗ്രാം എന്തും എഴുതാനുള്ള സ്വാതന്ത്ര്യം തന്നു എന്ന് കരുതി എന്തും എഴുതരുത്,' എന്നാണ് ഒരു കമന്‍റില്‍ സുദീപ്തോ സെന്‍ പറഞ്ഞത്. 'Carl Lafrenais' എന്ന അക്കൗണ്ടില്‍ നിന്നുമാണ് സുദീപ്തോ സെന്നിന്‍റെ കമന്‍റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവക്കപ്പെട്ടിരിക്കുന്നത്. 

സുദീപ്തോ സെന്നിന് ഇതേ അക്കൗണ്ടില്‍ നിന്നും കൊടുത്ത മറുപടിയും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ഗ്രാവിറ്റി, ഡ്യൂണ്‍ പോലെയുള്ള ചിത്രങ്ങള്‍ സിനിമാറ്റോഗ്രഫിയില്‍ ഓസ്കാര്‍ നേടിയ ഉദാഹരണം സഹിതമാണ് മറുപടി കൊടുത്തിരിക്കുന്നത്. 

'അതുകൊണ്ടാണ് വിഎഫ്​എക്സ് ദൃശ്യങ്ങളുള്ള ബ്ലേഡ് റണ്ണര്‍ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്​കാര്‍ നേടിയത്. അതുകൊണ്ടാണ് സിജിഐ ധാരാളമുള്ള ലൈഫ് ഓഫ് പൈ, ഗ്രാവിറ്റി, ഡ്യൂണ്‍ എന്നീ ചിത്രങ്ങളും പുരസ്കാരം നേടിയത്. വിഎഫ്എക്സ് ഒരു സിനിമയെ അയോഗ്യമാക്കുമെങ്കില്‍ ഛായാഗ്രഹണത്തിലുണ്ടായ പകുതി നേട്ടങ്ങളും ചിത്രത്തിലെ ഇല്ലാതാവും. 

പിന്നെ എന്തും എഴുതാന്‍ ഇന്‍സ്റ്റഗ്രാം നല്‍കുന്ന അവകാശത്തെയാണ് ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത്. ജനാധിപത്യത്തെ പറ്റി ചെറുതായെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കില്‍ സഹായകമാവും. പിന്നെ സിനിമയോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ 'സിനിമയെ' ആടുജീവിതവുമായി താരതമ്യം ചെയ്യരുത്,' എന്നാണ് മറുപടിയില്‍ പറയുന്നത്. 

ENGLISH SUMMARY:

Aadujeevitham award controversy sparks debate. Sudipto Sen justifies the jury's decision, claiming VFX usage disqualified the film, while critics cite examples of Oscar-winning films with significant VFX.