നടി തമന്ന ഭാട്ടിയയ്‌ക്കെതിരെ പരിഹാസയുമായി രാഖി സാവന്ത്. താരത്തിന്‍റെ ഐറ്റം ഡാന്‍സുകള്‍ക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി രാഖി രംഗത്തെത്തിയത്. സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും തമന്നയെപ്പോലുള്ള നടിമാര്‍ ഇപ്പോള്‍ തന്‍റെ പാത പിന്തുടരുകയാണെന്നും രാഖി പറഞ്ഞു. ഒരുകാലത്ത് താന്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ലെന്നും ഫില്‍മിഗ്യാന് നല്‍കിയ അഭിമുഖത്തില്‍ രാഖി പറഞ്ഞു.
'ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം ഡാന്‍സ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം നായിക ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ നായിക എന്ന നിലയിലുള്ള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ വയറ്റത്തടിച്ച് ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ! ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും,' രാഖി സാവന്ത് പറഞ്ഞു.
ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാ**ഡ്സ് ഓഫ് ബോളിവുഡി’ലാണ് അടുത്തിടെ തമന്ന ഐറ്റം ഡാന്‍സ് ചെയ്തത്. 'ഗഫൂര്‍' എന്ന ഈ ഗാനം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അടുത്തിടെ കച്ചവട സിനിമകളിലെ ഐറ്റം ഡാന്‍സിന്‍റെ പ്രധാനമുഖമായി മാറിയിരിക്കുകയാണ് തമന്ന. രജനികാന്ത് ചിത്രം 'ജയിലറി'ലെ 'കാവാലയ്യ' വലിയ ഹിറ്റായതോടെയാണ് തമന്നയെ തേടി ഐറ്റം നമ്പരുകള്‍ എത്താന്‍ തുടങ്ങിയത്. പിന്നാലെ വന്ന 'സ്ത്രീ 2' വിലെ 'ആജ് കി രാത്', അജയ് ദേവ്ഗണ്‍ ചിത്രം 'റെയ്ഡ് 2' വിലെ നഷ എന്നീ ഐറ്റം നമ്പരുകളും ശ്രദ്ധ നേടിയിരുന്നു.