മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ദിലീപ് ചിത്രം ‘കല്യാണരാമൻ’ വീണ്ടും തിയറ്ററുകളിലേയ്ക്ക്. ദിലീപ്, സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയ വമ്പന്‍ താര നിരയും ഇന്നും ഓർത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന കോമഡിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. 4K അറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷണർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കല്യാണരാമൻ.
2002ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലവുമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം ലാൽ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും. ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, സലിം കുമാർ, ഇന്നസെന്റ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍. 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ശ്രമം.