നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന പുതിയ ചിത്രം ‘പാതിരാത്രി’യുടെ പ്രമോഷന്‍ പരിപാടിക്കിടെ നടിയോട് മോശം പെരുമാറ്റം. പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിൽ എത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമിച്ച ആളെ നടൻ സൗബിൻ സാഹിർ ഇടപെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാളിൽ നടന്ന പ്രമോഷൻ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
സിനിമാതാരങ്ങളെ കാണാനായി വലിയ തിരക്കായിരുന്നു മാളിൽ അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാൾ നവ്യ നായരെ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിൻ സാഹിർ ഉടൻ തന്നെ തട്ടിമാറ്റുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാൻ സഹായിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി തനിക്ക് നേരെ അതിക്രമം ഉണ്ടായപ്പോൾ രൂക്ഷമായ ഒരു നോട്ടത്തോടെയാണ് നവ്യ നായർ പ്രതികരിച്ചത്. നടി ആൻ അഗസ്റ്റിനും താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ചുറ്റും സുരക്ഷാ ജീവനക്കാര്‍ ഉള്ളപ്പോള്‍ക്കൂടിയാണ് ഈ മോശം പെരുമാറ്റം നടന്നത്.
മമ്മൂട്ടി നായകനായ ‘പുഴു’വിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളിലെത്തുന്നു. ചിത്രം ഒക്ടോബർ 17ന് തിയറ്ററുകളിലെത്തും.