vasundhara-das-story

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ രാവണപ്രഭു റീ റിലീസായി തിയറ്ററുകളില്‍ ആവേശം തീര്‍ക്കുകയാണ്. 2021ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാല്‍ ആരാധകരെ നൊസ്റ്റാള്‍ജിയയിലേക്ക് തിരിച്ചുകൊണ്ടുപോകുമ്പോള്‍, 24 വർഷങ്ങൾക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും ബിഗ് സ്ക്രീനില്‍ തിരിച്ചെത്തുമ്പോള്‍ മലയാള സിനിമാ ആരാധകര്‍ തിരയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ‘കാര്‍ത്തികേയന്‍റെ ജാനകി’, ചിത്രത്തിലെ നായിക വസുന്ധര ദാസ് ഇന്നെവിടെയാണ്? രാവണപ്രഭു റീ റിലീസ് ചെയ്യുന്ന സന്തോഷം പങ്കുവച്ച് നടിയും ഗായികയുമായ വസുന്ധര ദാസ് നേരത്തെ രംഗത്തെത്തിയിരുന്നു. ‘എല്ലാവരും രാവണപ്രഭു കാണണം, സവാരി ഗിരി ഗിരി’ എന്നു പറഞ്ഞുകൊണ്ടാണ് വസുന്ധര ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചത്.

vasundhara-das

അവിചാരിതമായി അഭിനയത്തിലേക്ക്...

മലയാളിക്ക് വസുന്ധരയെ ഏറെ പരിചയം ജാനകിയായിട്ടാണ്. മുണ്ടക്കൽ ശേഖരന്‍റെ ഏക മകള്‍ ഡോ. ജാനകി നമ്പ്യാർ. എങ്കിലും ഒരു അഭിനേത്രി എന്ന നിലയിൽ വസുന്ധരയുടെ കഥാപാത്രങ്ങള്‍ പരിമിതമാണ്. അവിചാരിതമായിട്ടാണ് താൻ അഭിനയത്തിലേക്ക് വന്നതെന്ന് ഒരിക്കൽ വസുന്ധര പറഞ്ഞിട്ടുണ്ട്. 1999 ൽ കമൽഹാസനൊപ്പം ഹേ റാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീടാണ് 2001ല്‍ രാവണപ്രഭുവിൽ മോഹൻലാലിനൊപ്പം നായികയായി എത്തുന്നത്. അതേവര്‍ഷം തന്നെ, തമിഴ് ചിത്രമായ സിറ്റിസണിലും മണ്‍സൂണ്‍ വെഡ്ഡിങ്ങിലും വസുന്ധര അഭിനയിച്ചു. 2003 ല്‍ കന്നഡ ചിത്രമായ ലങ്കേഷ് പത്രിക, ഫിലിം സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍. ശേഷം 2004 ല്‍ വജ്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി ഒരിക്കല്‍ കൂടി മലയാളത്തില്‍. പിന്നീടും ഒരുപിടിയോളം ഹിന്ദി– കന്നഡ സിനിമകളില്‍‌ വസുന്ധര പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പെട്ടെന്നൊരുനാൾ വസുന്ധര അഭിനയത്തിൽനിന്ന് പിൻമാറുകയായിരുന്നു. സംഗീതത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കണമെന്ന് തോന്നിയപ്പോഴാണ് അഭിനയത്തിൽനിന്ന് മാറിനിന്നതെന്ന് വസുന്ധര പറഞ്ഞിട്ടുണ്ട്. 

vasundhara-das-pti

സംഗീതത്തിലേക്ക്...

മലയാളത്തിന് പുറത്ത് പ്രത്യേകിച്ച് ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ മേഖലകളില്‍ പ്രശസ്ത പിന്നണിഗായികയാണ് വസുന്ധര. ആറാം വയസ്സിൽ മുത്തശ്ശി പകര്‍ന്നു നല്‍കിയ സംഗീതത്തെ വസുന്ധര കൂടെക്കൂട്ടുകയായിരുന്നു. എ.ആർ. റഹ്മാന്റെ ‘ശകലക ബേബി’ (മുതലവൻ), ‘അയ്യോ പത്തികിച്ചു’ (റിഥം), ‘ഓ രേ ഛോരി’ (ലഗാൻ), ‘സരിഗമേ’ (ബോയ്‌സ്), ദേവയുടെ ‘കട്ടിപ്പുടി കട്ടിപ്പുടി ടാ’ (കുശി), ശങ്കർ–എഹ്‌സാൻ–ലോയ്‌യുടെ ‘ഇറ്റ്‌സ് ദി ടൈം ടു ഡിസ്കോ’ (കൽ ഹോ നാ ഹോ), ‘വേഴ്‌സ് ദി പാർട്ടി ടുനൈറ്റ്?’ എന്നിവയെല്ലാം വസുന്ധര പാടി ഹിറ്റാക്കി. യുവൻ ശങ്കർ രാജയുടെ ‘തത്തൈ തത്തൈ’ (മന്മഥൻ), അനു മാലിക്കിന്‍റെ ‘ചലേ ജൈസെ ഹവായൻ’ (മെയ്ൻ ഹൂ നാ), പ്രീതമിന്‍റെ ‘സലാമേ’ (ധൂം), ഹാരിസ് ജയരാജിന്‍റെ ‘കണ്ണും കണ്ണും നോക്കിയ’ (അന്യന്‍), എന്നിവയും വസുന്ധര പാടിയവയാണ്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോൾ പിന്നണിഗാനരംഗത്തുനിന്നും അവർ പിൻവാങ്ങി. ഇന്ന് ഒരു പതിറ്റാണ്ടിലേറെയായി വസുന്ധര സിനിമാ രംഗത്തെ സജീവമല്ല. 

മാറ്റിനി നൗവുമായുള്ള സംഭാഷണത്തിൽ തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് വസുന്ധര തുറന്നു പറഞ്ഞിരുന്നു. തന്റെ ബാൻഡുമായി ഇന്ന് വസുന്ധര പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ലോകമെമ്പാടും കച്ചേരികൾ നടത്തുന്നുണ്ട്. ഇന്ന് സംഗീതത്തില്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടത്താന്‍ തനിക്ക് സമയമുണ്ടെന്നും അത് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും വസുന്ധര പറയുന്നു. മുമ്പ് അതിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. വസുന്ധരയും ഭർത്താവ് റോബർട്ടോ നരേനും ചേര്‍ന്ന് 2005-06 ലാണ് ഡ്രംജാം എന്ന ബാന്‍‍ഡ് സ്ഥാപിക്കുന്നത്. വിനോദത്തിനപ്പുറം സംഗീതത്തെ സമാധാനത്തിലേക്കുള്ള വഴിയായാണ് വസുന്ധര വിശേഷിപ്പിക്കുന്നത്. 

ENGLISH SUMMARY:

As the re-release of Ravanaprabhu, one of Malayalam cinema’s all-time blockbusters, excites fans in theatres, many are wondering what happened to Vasundhara Das — the actress who played Janaki, Karthikeyan’s love interest. The actress and singer recently shared her joy over the film’s return, urging fans to relive the nostalgia. Having debuted in Kamal Haasan’s Hey Ram in 1999, Vasundhara became a familiar face in Malayalam cinema through Ravanaprabhu (2001). Later, she appeared in Tamil, Kannada, and Hindi films like Citizen, Monsoon Wedding, and Lankesh Patrike. Eventually, she stepped away from acting to focus on her passion for music. Known for hit songs like “Shakalaka Baby,” “It’s the Time to Disco,” and “Salame,” Vasundhara has performed across the world with her music band Drumjam, which she co-founded with her husband Roberto Narain.