TOPICS COVERED

അടുത്തിടെ തനിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടിയും നര്‍ത്തകിയുമായ നവ്യ നായര്‍. തന്‍റെ നൃത്ത പരിപാടിക്കിടെ ഫോട്ടോ എടുക്കാനെത്തിയ കുഞ്ഞ് ആരാധികയെ നവ്യ അവഗണിച്ചെന്ന് പറഞ്ഞ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

വിഡിയോ വൈറലായതോടെ നവ്യക്ക് വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. നവ്യ അഹങ്കാരിയാണെന്നും നൃത്തം ചെയ്യുമ്പോള്‍ താരത്തിന്‍ കാല്‍ ഒടിഞ്ഞുപോകണം എന്നുമൊക്കെയായിരുന്നു കമന്‍റുകള്‍. പലരും ഈ വിഡിയോ ഉപയോഗിച്ച് റിയാക്ഷന്‍ വിഡിയോകളും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവ്യയുടെ വെളിപ്പെടുത്തല്‍. ഫോട്ടോ എടുക്കാനെത്തി കുട്ടിയും അമ്മയും നവ്യക്കായി വിഡിയോയില്‍ സംസാരിക്കുന്നുണ്ട്. 

നവ്യ തെറ്റ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്നുമാണ് കുട്ടിയുടെ അമ്മയുടെ ഭാഗം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിനുമുന്‍പ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കമന്‍റ് ഇടുകയും ചെയ്തിരുന്നു. ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ ഗ്രൂപ്പ് ആയിട്ട് ഫോട്ടോ എടുക്കാം എന്ന് മാത്രമാണ് നവ്യ പറഞ്ഞതെന്നും മകള്‍ മറ്റൊരു ഫോട്ടോ എടുത്തിരുന്നെന്നും കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. 

നവ്യയുടെ വാക്കുകള്‍

നവ്യയ്ക്ക്  എന്തിനാണിത്ര  ഇത്ര ജാടയെന്ന്  ചോദിച്ചാല്‍ എനിക്ക് മനസിലാകുമായിരുന്നു.  കാരണം സത്യം  പ്രേക്ഷകരാരും അറിയുന്നില്ല. നൃത്തം ചെയ്യുന്ന സമയം   കാല് ഒടിഞ്ഞുപോകട്ടെ എന്നൊക്കെ പറയുന്നത്  വളരെ വേദനാജനകമാണ്.

എപ്പോഴും എല്ലാത്തിനും രണ്ട് ഭാഗമുണ്ട്. ഇത്തരത്തില്‍ വിഡിയോ പ്രചരിപ്പിക്കുന്നവരെ നന്നാക്കാനോ അവരുടെ ഉള്ളിലെ ദുഷിപ്പിനെ നേരെയാക്കാനോ എനിക്ക് കഴിയില്ല. അവര്‍ ഇത് കണ്ടുകൊണ്ട് നില്‍ക്കുകയാണ്. അവര്‍ക്ക് ഇതിന് വ്യൂസ് മാത്രം മതി. പറയാവുന്നതിനും അപ്പുറം എന്നെ പറഞ്ഞു. കള്ളത്തരം ചെയ്തിട്ടല്ല നമ്മള്‍ പേരും പ്രശസ്തിയും നേടേണ്ടത്. നേരായ മാര്‍ഗത്തിലൂടെ ഇതിലെക്കൊക്കെ എത്തിച്ചേരാന്‍ എല്ലാ ഓണ്‍ലൈന്‍ മീഡിയയ്ക്കും പറ്റും. അതിന് ഇത്രയും കുതന്ത്രം ഉപയോഗിച്ചിട്ട് ആളുകളെ വേദനിപ്പിക്കുന്നത് നല്ലതല്ല എന്ന് എനിക്കൊരഭിപ്രായമുണ്ട് . 

 

ഇങ്ങനെ ഒരു വിഡിയോ ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചതല്ല. എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഉള്ള മറുപടിയാണ്. ഞാന്‍ അങ്ങനെയൊരു വ്യക്തിയല്ല. ആളുകള്‍ എന്നെ തിരിച്ചറിയണമെന്ന് ആഗ്രഹിച്ചാണ് ഞാന്‍ സിനിമയില്‍ എത്തിയത് . അതുകൊണ്ടുതന്നെ  എത്ര ക്ഷീണമുണ്ടെങ്കിലും  കഴിവതും എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അറിയാതെ ചിലപ്പോള്‍ മറിച്ച്  സംഭവിക്കാം. നിങ്ങള്‍ക്കൊക്കെ പറ്റുന്നത് പോലെ എനിക്കും പറ്റാം. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനും എനിക്ക് ബുദ്ധിമുട്ടില്ല. ഇവരെപ്പോലെ ഉള്ളവരുടെ പോസ്റ്റ് വായിക്കുന്നതിന് സത്യം എന്താണെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. 

ENGLISH SUMMARY:

Navya Nair addresses recent social media criticism regarding her interaction with a young fan. She clarifies the situation, emphasizing the importance of seeking truth before judging and expressing the hurt caused by malicious comments.