ലോകയുടെ വിജയത്തിന് പിന്നാലെ വിവാദങ്ങളും ക്രെഡിറ്റ് കൊടുക്കലും ഏറ്റെടുക്കലുമൊക്കെ സിനിമാലോകത്തെ പതിവ് കാഴ്ചയാണ്. 300 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്‍റെ വിജയത്തിനെ സ്ത്രീകേന്ദ്രീകൃത സിനിമയുടെ വിജയമായി പലരും ഉയര്‍ത്തികാട്ടിയിരുന്നു. കല്യാണിയെ പ്രശംസിച്ച് നിരവധിപേര്‍ എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നായികയുടെ വിജയത്തെ ആഘോഷിക്കുന്നവരോട് ചോദ്യവുമായി എത്തിയിരിക്കുകയാണ് നടനും നിര്‍മാതാവുമായ രൂപേഷ് പീതാംമ്പരന്‍. നടി റിമ കല്ലിങ്കലിന്‍റെ പ്രസതാവനക്ക് പിന്നാലെയാണ് രൂപേഷിന്‍റെ ചോദ്യം. പ്രമുഖ നടി പറയുന്നത് അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്നാണ്. പ്രമുഖ നിര്‍മാതാവ് പറയുന്നത് ചിത്രത്തിന്‍റെ വിജയം നിര്‍മാതാവിന്‍റെയാണെന്നാണ്. മാധ്യമങ്ങള്‍ പറയുന്നത് നായികയുടെ വിജയമാണെന്നാണ്. എന്നാല്‍ ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നുംപറയാത്തത് എന്തുകൊണ്ടാണെന്നാണ് രൂപേഷ് ചോദിക്കുന്നത്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സംവിധായകന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നതാണ് രൂപേഷിന്‍റെ വാദം. ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ എന്നും രൂപേഷ് ചോദിക്കുന്നുണ്ട്. ഫാൻസ് അസോസിയേഷനോട് രോഷം കൊള്ളേണ്ടെന്നും സിനിമയെക്കുറിച്ച് നല്ലതാണ് പറഞ്ഞതെന്ന മുന്നറിയിപ്പും രൂപേഷ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റ ആണെന്ന്.
മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്.
എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം.
പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നുംപറയാത്തത് എന്തുകൊണ്ട്? ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ? 🤔
ഫാൻസ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് — രോഷം കൊള്ളേണ്ട, ഞാൻ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്!