ottakomabn-blast

TOPICS COVERED

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി നടത്തിയ കൃത്രിമ ബോംബുസ്ഫോടനം വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ വാഗമൺ ഫാക്ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വൻശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളിൽനിന്ന് പുറത്തേക്കോടി. ചിലർ ചെരിപ്പുപോലും മറന്നു. പിന്നീടുമാത്രമാണ്, ഇത് സുരേഷ് ഗോപി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സിനിമയുടെ ഭാഗമായ കൃത്രിമ പൊട്ടിത്തെറിയാണെന്ന് മനസ്സിലാക്കിയത്. പരിഭ്രാന്തരായ നാട്ടുകാരിൽ ചിലർ പ്രതിഷേധമറിയിച്ചപ്പോൾ “തമാശയായി കാണൂ’ എന്നായിരുന്നു അണിയറപ്രവർത്തകരുടെ മറുപടി.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഭിനയ ആണ് ചിത്രത്തിലെ നായിക. ലാൽ, ഇന്ദ്രജിത് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിങ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപരം അഭിനേതാക്കൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് 'ഒറ്റക്കൊമ്പൻ' ഒരുക്കുന്നത്.

ENGLISH SUMMARY:

Ottakomban shooting caused panic in Vagamon due to an artificial explosion. The loud noise startled residents, who initially believed it was an earthquake, before realizing it was part of the movie's filming.