Image Credit : Instagram
ഇന്ത്യന്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കാന്താര എ ലെജന്‍ഡ് – ചാപ്റ്റര്‍ വണ്‍. ചിത്രം മികച്ച പ്രേക്ഷകപ്രതികരണത്തോടെ തിയറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് നായകനും സംവിധാനയകനുമായ ഋഷഭ് ഷെട്ടി കയ്യടി ഏറ്റുവാങ്ങുന്നതിനൊപ്പം തന്നെ മികച്ച സ്വീകാര്യതനേടുകയാണ് മലയാളികളുടെ സ്വന്തം ജയറാം. കാന്താരയില്‍ ജയറാം തകര്‍ത്തെന്നാണ് സൈബറിടത്തെ കമന്‍റുകള്‍. ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ തനിക്ക് ലഭിക്കുന്ന കയ്യടികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ജയറാം പങ്കുവച്ച കുറിപ്പും വൈറലായിക്കഴിഞ്ഞു.
ജയറാം പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'കാന്താര: ചാപ്റ്റർ 1-ന് നിങ്ങൾ നൽകിയ സ്നേഹത്തിനും, മികച്ച അഭിപ്രായങ്ങൾക്കും, പ്രശംസകൾക്കും എൻ്റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഞാന്‍ നന്ദി പറയുന്നു. ഈ നല്ല വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്. ഈ സിനിമ ഞങ്ങൾ ആഗ്രഹിച്ച പോലെ നിങ്ങളുമായി കണക്ട് ആകുമ്പോൾ സന്തോഷവും കൃതജ്ഞതയിലും എന്റെ മനസ്സു നിറയുന്നു. ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കുന്നത്, ഭക്തി, കഠിനാധ്വാനം, അനുഗ്രഹങ്ങൾ എന്നിവ ആഘോഷിക്കുന്ന ഒരു സുപ്രധാന അവസരമായ ആയുധപൂജയുടെ ദിവസം തന്നെ ഈ മനോഹരമായ വാർത്ത എന്നിലെത്തി എന്നതാണ്. ഇതിലും മികച്ചൊരു പ്രോല്‍സാഹനം എനിക്ക് കിട്ടാനില്ല. ഈ പ്രക്രിയയില്‍ എന്നെ വിശ്വസിച്ച ഋഷഭ് ഷെട്ടിക്കും നന്ദി. ഞങ്ങളെ ഏറ്റവും മനോഹരമായി തിരശ്ശീലയിലെത്തിക്കാൻ പരിശ്രമിച്ച മുഴുവൻ ടീമിനും സ്നേഹവും നന്ദിയും. ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി. ഈ സ്നേഹം എന്നെന്നും എന്നിലുണ്ടാകും' ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുറിപ്പിനൊപ്പം കാന്താരയിലെ വേഷത്തിലുളള ചിത്രവും ജയറാം പങ്കുവച്ചു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ജയറാമിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. നടി ശ്വേത മേനോന്‍, സജിദ് യഹിയ, ജ്യോതി കൃഷ്ണ, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരെല്ലാം ജയറാമിന് അഭിനന്ദനങ്ങളറിയിച്ചു. അതേസമയം ‘ഞങ്ങളുടെ അഭിമാനം’ എന്നായിരുന്നു നടിയും ഭാര്യയുമായ പാര്‍വതി കുറിച്ചത്.