Untitled design - 1

ഒരിക്കലും ഒട്ടും താര വലിപ്പം കാണിക്കാത്ത വ്യക്തിയും നടനുമാണ് മോഹൻലാൽ എന്ന പ്രിയപ്പെട്ട ലാലേട്ടനെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേംകുമാര്‍. സെറ്റിലുള്ള നടീനടന്മാർ ഉൾപ്പെടെ സർവ്വരേയും സമഭാവനയോടെ കാണുന്ന ലാളിത്യം, ക്ഷമ, സമദൃഷ്ടി, ചെറിയ സൗഹൃദങ്ങളെപ്പോലും തൻ്റെ ഉള്ളിൽ വാടാതെ സൂക്ഷിക്കുന്ന മനുഷ്യത്വം എന്നിവയാണ് ലാലേട്ടന്‍റെ പ്രത്യേകതയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അഭിനയകലയോടുള്ള ലാലേട്ടൻ്റെ സമർപ്പണത്തിൻ്റെ എത്ര എത്ര അപൂർവ നിമിഷങ്ങൾ വേണമെങ്കിലും നിരത്താം. മരുഭൂമിയിലെ കൊടും ചൂടിലും അസ്ഥികൾ മരവിച്ചു പോകുന്ന മഞ്ഞിലും കൊടും തണുപ്പിലും ചതുപ്പിലും ചെളിയിലും അട്ടകൾ നിറഞ്ഞ കൊടുംവനത്തിലും വെള്ളത്തിലും കരയിലുമോരുപോലെ പാതിരാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫൈറ്റാകട്ടെ, ഡാൻസാകട്ടെ, പാട്ടാകട്ടെ ഏതു സീനും ആകട്ടെ ഏതു നേരവും ഒരു മടിയും കൂടാതെ ഈ പ്രതിഭ അഭിനയത്തിനായി സ്വയം സമർപ്പിക്കുന്നു.

വളരെ നിസ്സാരമായി ആർക്കും ചെയ്യാവുന്ന ഒരു സംഗതിയാണ് അഭിനയം എന്ന് ലാലേട്ടൻ അഭിനയിക്കുമ്പോൾ നമുക്ക് തോന്നും. പക്ഷേ അതുപോലെ ഒരു ഭാവമോ ചലനമോ പകർത്താൻ ശ്രമിക്കുമ്പോഴാണ് ആ പ്രതിഭയ്ക്കു മുന്നിൽ നമ്മൾ നമിച്ചു പോകുന്നത്. ആ നടനിൽ നിന്നും വാർന്നു വീഴുന്ന ഒരു നോട്ടമോ അല്ലെങ്കിൽ ഒരു ഭാവമോ പകർത്തുന്നത് അത്ര എളുപ്പമല്ല. വൈദ്യുത പ്രവാഹം പോലെയുള്ള ഒരു പരകായ പ്രവേശം എന്ന് അതിനെ വിശേഷിപ്പിക്കാം. ആ അഭിനയത്തിൽ വിരസമായ ആവർത്തനങ്ങളില്ല. അഭിനയത്തോട് ഒടുങ്ങാത്ത അഭിനിവേശം മാത്രം. അത് കെടാത്ത കനൽക്കട്ടകളായി ജ്വലിക്കുന്നു. 

സർഗ്ഗധനനായ സംവിധായകൻ്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ. ആയിരം മേനി കൊയ്തുകൂട്ടാവുന്ന പാടം. ഒരു നടൻ ആകുവാൻ മാത്രം സൃഷ്ടിക്കപ്പെട്ട ജന്മമാണ് ലാലേട്ടൻ്റേത്. അഭിനയകലയോടുള്ള ഒടുങ്ങാത്ത പ്രണയം, കഠിനാധ്വാനം, അസാധാരണമായ അർപ്പണബോധം അതൊക്കെത്തന്നെയാണ് ഏത് നടനും കൊതിച്ചുപോകുന്ന ആ അഭിനയത്തിന്റെ അഴകിനും മിഴിവിനും അടിസ്ഥാനം.

ഏതെല്ലാം ഭാഷകൾ, എത്ര എത്ര വേഷങ്ങൾ...

എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ, ബഹുമതികൾ...

ഇന്ത്യയിലെ മികച്ച നടനുള്ള ദേശിയ പുരസ്കാരം പല തവണ...

സംസ്ഥാന പുരസ്കാരം നിരവധി...

പദ്മ ശ്രി, പദ്മ ഭൂഷൺ... ഇപ്പോഴിതാ രാജ്യത്തെ സിനിമ മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്... – പ്രേംകുമാര്‍ കുറിച്ചു. 

ENGLISH SUMMARY:

Mohanlal's dedication to acting and his down-to-earth personality were praised by Prem Kumar. His humility and commitment to his craft continue to inspire many in the Malayalam film industry.