തമിഴകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടന്‍ റോബോ ശങ്കറിന്‍റെ മരണവാര്‍ത്ത പുറത്തുവന്നത്. ആ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന ഇപ്പോഴും അടങ്ങിയിട്ടില്ല. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കർ രാത്രി ആശുപത്രിയിലാണ് മരിച്ചത്.
ഇപ്പോള്‍ ശങ്കറിനൊപ്പമുള്ള റീല്‍ പങ്കുവച്ചിരിക്കുകയാണ് മകളും നടിയുമായ ഇന്ദ്രജ. താന്‍ ജനിച്ചപ്പോള്‍ മുതല്‍ അച്ഛനൊപ്പം എടുത്ത ചിത്രങ്ങളാണ് ഇന്ദ്രജ റീലായി പങ്കുവച്ചിരിയ്ക്കുന്നത്. 'ഇനി ഒരിക്കല്‍ കൂടി കാണാന്‍ പറ്റുമോ അപ്പാ, അതേ എന്നാണെങ്കില്‍ എന്‍റെ അടുത്തേക്ക് വരൂ അപ്പാ' എന്നാണ് വിഡിയോയ്ക്കൊപ്പം ഇന്ദ്രജ കുറിച്ചിരിക്കുന്നത്.
‘ഗോഡ്‌സില്ല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. രക്തം ഛർദ്ദിച്ച ശങ്കറിനെ ഉടൻ തന്നെ പെരുങ്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. ഇതു ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ രോഗം മാറിയതിന് പിന്നാലെ ജോലിയിൽ പ്രവേശിച്ച റോബോ ശങ്കർ പാചക റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇന്ദ്രജ, വിജയ് ചിത്രമായ ‘ബിഗിലി’ലൂടെ ശ്രദ്ധേയയായ താരമാണ്. സിനിമയിൽ, പാണ്ടിയമ്മ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. റോബോ ശങ്കറിന്റെ ഭാര്യ പ്രിയങ്കയും അഭിനേത്രിയാണ്.