TOPICS COVERED

പോൾവാട്ടില്‍ ദേശീയ തലത്തിലുൾപ്പടെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് വി.എസ്. സൗമ്യ, ഇപ്പോഴിതാ സൗമ്യ പങ്കുവച്ച ഒരു കുറിപ്പാണ് സൈബറിടത്ത് വൈറല്‍. മുടി മുറിച്ചു നടക്കുന്നതുകൊണ്ട് താൻ കേൾക്കുന്ന പരിഹാസങ്ങളെക്കുറിച്ചാണ് സൗമ്യ പറയുന്നത്. തന്റെ മുഖത്തിനു ചേരുന്നതുകൊണ്ടാണ് മുടി നീട്ടാത്തതെന്നും പെൺകുട്ടിയാണെന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്നും പറയുന്നു.

‘മുടി വെട്ടി ആൺകുട്ടികളെ പോലെ നടക്കുന്നു, ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഒൻപത്, ഷീമെയ്‌ൽ. അങ്ങനെ 6 വർഷത്തോളമായിട്ട് ഞാൻ കേൾക്കുന്ന പേരുകൾ ഒരുപാട് ആണ്. പറയുന്നവരെ ഒന്നും ഞാൻ തിരുത്താനും നിൽക്കുന്നില്ല, കാരണം ഷോർട്ട് ഹെയർ ആയത് കൊണ്ട് തന്നെ ആദ്യം കാണുമ്പോൾ ആൺകുട്ടി ആയിട്ടും പിന്നെ സൂക്ഷിച്ചു നോക്കുമ്പോൾ പെൺകുട്ടി, ആണോ അതോ വേറെ എന്തെങ്കിലും ആണോ? എന്നൊക്കെ നിങ്ങളിൽ പലർക്കും തോന്നാറുള്ളപോലുള്ള സംശയം എനിക്ക് ഇല്ലാത്തതുകൊണ്ട്, ഞാൻ പെൺകുട്ടിയാടോ എന്നു പറഞ്ഞു എല്ലാവരെയും ബോധിപ്പിക്കണം എന്നു എനിക്ക് ഇതുവരെ തോന്നിയിട്ട് ഇല്ല.

നിങ്ങൾക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ. ഇതൊക്കെ ഒരു രസല്ലേ ആശേ, എന്തിനു മുടി ഒക്കെ വെട്ടി ഇങ്ങനെ നടക്കുന്നു?എന്നതിന്റെ ഉത്തരം, എന്റെ മുഖത്തിനു കൂടുതൽ ചേരുന്നത് ഇങ്ങനെ ഷോർട്ട് ഹെയർ ആണ് എന്ന തിരിച്ചറിവ് വരുന്നതിന് മുൻപേ എനിക്ക് നീളമുള്ള മുടി ഇഷ്ടം ഇല്ലാ എന്നുള്ള തിരിച്ചറിവ് വന്നതും, അന്ന് സ്പോർട്സ് ചെയ്തു നടന്നതുകൊണ്ട് ആ സമയത്ത് മുടിയില്ലായ്‌മ ഒരു ട്രെൻഡും കൂടി ആരുന്നു എന്നതും ആണ്.ആദ്യതവണ മുടി മുറിച്ച് ഈ രൂപത്തിലേക്ക് ആയപ്പോൾ കിട്ടിയ ഒരു ആശ്വാസം, പിന്നീട് അത് ഇല്ലാണ്ട് ആക്കാൻ ഉള്ള മനസ്സു വന്നില്ല എന്നു മാത്രം അല്ല എന്നോട് എന്റെ മാതാപിതാക്കൾ അടക്കം ആരും മുടി വളർന്നല്ലോ വെട്ടാൻ ആയി എന്നല്ലാതെ വളർത്തണം എന്നു പറഞ്ഞിട്ട് ഇല്ല എന്നുള്ളത് കൂടി ആണ്.ഇത്രയും വർഷമായിട്ട് ഒരേ ഹെയർ സ്റ്റൈൽ ആയത് കൊണ്ട് ഇനി മുടി വളർന്നാൽ എങ്ങനെ ഉണ്ടാകും എന്നെ കാണാൻ എന്ന ഒരു ആകാംക്ഷ ഇടയ്ക്ക് കേറി വരാറുണ്ടെങ്കിലും മുടി വളർന്നു കഴിഞ്ഞുള്ള കഷ്ടപ്പാട് ഓർക്കുമ്പോൾ ആ ആകാംക്ഷ തന്നെ അങ്ങ് മാറും. അപ്പോ അത്രേയുള്ളു, നന്ദി നമസ്കാരം.’ സൗമ്യയുടെ വാക്കുകൾ

ENGLISH SUMMARY:

V.S. Soumya addresses comments about her short hair. She states that she prefers short hair and does not need to prove her gender to anyone.