തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്‍റെ പുതിയ ചിത്രം ഒജി റിലീസിന് ഒരുങ്ങുകയാണ്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് ആണ് ഒജി സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയേറ്ററിലെത്തും.
ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കാണികളെ ആവേശം കൊള്ളിക്കാനായി വാള്‍ കൊണ്ട് അഭ്യാസം കാണിച്ച പവന്റെ പ്രവര്‍ത്തിയില്‍ ഒഴിവായിപോയത് വലിയ ദുരന്തം. മുകളിലേക്ക് പൊന്തുന്ന പ്രത്യേക പ്ലാറ്റ്ഫോമിലൂടെയാണ് പവന്‍ സ്റ്റേജിലെത്തിയത്. മുന്നിലേക്ക് നടന്ന പവന്‍ ഇടക്ക് വലിയൊരു വാളും കയ്യിലെടുത്തു. സ്റ്റേജിന്‍റെ ഒരു വശത്തേക്ക് നടന്ന താരം മുന്നിലുള്ള ആളുകളോട് മാറാനായി ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
വാള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഒന്നു പൊക്കിയ ശേഷം തിരിഞ്ഞുനടന്നു. അടുത്തത് എന്ത് സംഭവിക്കുമെന്ന് അറിയാതെ ബോഡി ഗാര്‍ഡുമാരില്‍ ഒരാള്‍ പിന്നാലെ നടന്നു. പെട്ടെന്നാണ് പവന്‍ വാള്‍ പിന്നിലേക്ക് കറക്കിയത്. വാള്‍തലപ്പ് നീണ്ടുവന്നത് ബോഡി ഗാര്‍ഡിന്‍റെ മുഖത്തേക്ക്. എന്നാല്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വാള്‍ത്തലപ്പ് മുഖത്തിന്‍റെ ഒരു വശത്തുകൂടിയാണ് പോയത്. ഒന്ന് ആ വശത്തേക്ക് മാറിനടന്നിരുന്നെങ്കില്‍ ബോഡി ഗാര്‍ഡിന്‍റെ മുഖത്ത് വലിയ പരുക്ക് പറ്റിയേനേ. ഭാഗ്യം കൊണ്ട് മുഖത്തിന് ഒന്നും പറ്റാതെ രക്ഷപ്പെട്ടു.
എങ്കില്‍പോലും അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം അഭ്യാസങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിച്ചത്. പവന്‍ കല്യാണ്‍ നടന്‍ മാത്രമല്ല, ഉത്തരവാദിത്തപ്പെട്ട മന്ത്രിയും രാഷ്ട്രീയ നേതാവുമാണെന്ന് ഓര്‍ക്കണമെന്നും ചിലര്‍ കമന്‍റ് ചെയ്തു.