mohanlal-reaction-ram-gopal-varma

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന് ആശംസാപ്രവാഹമാണ്. അക്കൂട്ടത്തില്‍ ഏറ്റവും വൈറലായ ഒന്നാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ എക്സ് പോസ്റ്റ്. ‘ദാദാ സാഹേബ് ഫാൽക്കെയ്ക്ക് ‘മോഹന്‍ലാല്‍ പുരസ്കാരം’ നല്‍കണമെന്നായിരുന്നു പോസ്റ്റ്. തനിക്ക് ദാദാ സാഹേബ് ഫാൽക്കെയെ അറിയില്ലെന്നും രാംഗോപാല്‍ വര്‍മ കുറിച്ചു.

‘എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കെയെ അറിയില്ല. അദ്ദേഹമാണ് ഇന്ത്യയില്‍ ആദ്യമായി സിനിമ എടുത്തത് എന്നറിയാം. പക്ഷെ ആ സിനിമയോ ആ സിനിമ കണ്ട ആരെയെങ്കിലുമോ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ, മോഹന്‍ലാലിനെ എനിക്കറിയാം. അതുവച്ച് നോക്കിയാല്‍ ദാദാ സാഹേബ് ഫാല്‍ക്കെയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണം’ – ഇതാണ് രാം ഗോപാൽ വർമ്മയുടെ പോസ്റ്റ്. 

രാവിലെ മാധ്യമങ്ങളെ കണ്ട മോഹന്‍ലാലിനോട് വര്‍മയുടെ പോസ്റ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു.  അതൊരു ബ്ലാക്ക് ഹ്യൂമറായി എടുത്താല്‍ മതിയെന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. ‘അദ്ദേഹം എപ്പോഴും നല്ല തമാശകൾ പറയുന്ന ആളല്ലേ. അതിനെ ഒരു ബ്ലാക്ക് ഹ്യൂമറായി മാത്രമേ ഞാൻ കാണുന്നുള്ളൂ. അദ്ദേഹമായിട്ട് എനിക്ക് നല്ല സൗഹൃദമാണുള്ളത്. അദ്ദേഹത്തിന്‍റെ വലിയ ഒരു സിനിമയിൽ അഭിനയിച്ച ആളാണ് ഞാന്‍. ഒരു കൾട്ട് ഫിലിം ആയിട്ട് മാറിയതാണ് ‘കമ്പനി’. അന്ന് മുതലേ അദ്ദേഹം ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. അപ്പോ എല്ലാവരും പറയുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ട് രാംഗോപാൽ വർമ്മ ചിന്തിച്ചു പറഞ്ഞു എന്നേ ഉള്ളൂ. അദ്ദേഹം അത് സീരിയസ് ആയി ചെയ്തതായി ഞാൻ വിചാരിക്കുന്നില്ല’ – ലാല്‍ പറഞ്ഞു.

അതേസമയം, രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച ചര്‍ച്ചയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നവരും എതിര്‍ക്കുന്നവരുമെല്ലാം ഇതില്‍ പങ്കുചേര്‍ന്നു. മോഹൻലാലിനെ പ്രശംസിക്കാൻ ഇന്ത്യൻ സിനിമയുടെ പിതാവായ ഫാൽക്കെയെ അറിയില്ല എന്ന് പറയുന്നത് ശരിയല്ല എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

After winning Indian cinema’s highest honor, the Dadasaheb Phalke Award, legendary Malayalam actor Mohanlal received a wave of wishes. Among them, a viral post by Bollywood director Ram Gopal Varma stood out, saying “Dadasaheb Phalke deserves a Mohanlal award.” While social media erupted in debate, Mohanlal responded with calm, calling it black humor and highlighting his long friendship with Varma. The actor also recalled acting in Varma’s cult classic Company.