സഹോദരന്‍റെ ഭാര്യയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്ന  കേസ് റദ്ദാക്കണമെന്ന   നടി ഹന്‍സിക മൊത്വാനിയുടെ ഹര്‍ജി  മുംബൈ കോടതി തള്ളി. ഹന്‍സികയുടെ സഹോദരന്‍റെ ഭാര്യയും നടിയുമായ മസ്കന്‍ നാന്‍സി ജെയിംസാണ് ഹന്‍സികയ്ക്കും അമ്മയ്ക്കുമെതിരെ കേസ് നല്‍കിയത്.    

സ്ത്രീധന പീഡനം, മനപൂര്‍വ്വമായ ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഹന്‍സികയ്ക്കും അമ്മ ജ്യോതിക മൊത്വാനിക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഭര്‍തൃവീട്ടുകാര്‍ പണത്തിനും ആഢംബര വസ്തുക്കള്‍ക്കുമായി തന്നെ ഉപദ്രവിച്ചിരുന്നെന്നും തന്‍റെ പേരിലുള്ള ഫ്ലാറ്റ് വില്‍ക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള പീഡനങ്ങള്‍ കാരണം തനിക്കക് ബെല്‍സ് പാള്‍സി എന്ന രോഗാവസ്ഥ ഉണ്ടായെന്നും മസ്കന്‍റെ പരാതിയില്‍ പറയുന്നുണ്ട്.

നാന്‍സിയുടെ പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഹന്‍സിക കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. 2021 മാര്‍ച്ചിലാണ് ഹന്‍സികയുടെ സഹോദരന്‍ പ്രശാന്തും മസ്കനുമായുള്ള വിവാഹം നടക്കുന്നത്. 

ENGLISH SUMMARY:

Hansika Motwani's petition to quash the domestic violence case has been rejected by the Mumbai court. The case was filed against Hansika and her mother by her brother's wife, alleging dowry harassment and physical assault.