Image Credit: instagram.com/kajalaggarwalofficial
കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ റോഡപകടത്തിൽ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അഭ്യൂഹങ്ങൾ വന്‍തോതില്‍ പ്രചരിച്ചതോടെ താരം തന്നെ ഇവയ്ക്ക് അറുതി വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കാജല്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു.
പോസ്റ്റുകള്‍ക്ക് താഴെ ആശങ്കകള്‍ പ്രകടിപ്പിച്ചും പ്രാര്‍ഥനയും പിന്തുണയുമായും താരത്തിന്‍റെ നിരവധി ആരാധകരാണ് എത്തിയത്. പിന്നാലെയാണ് വ്യാജ വാര്‍ത്ത തള്ളി കാജല്‍ അഗര്‍വാള്‍ തന്നെ എത്തുന്നത്. ‘ഞാൻ ഒരു അപകടത്തിൽപ്പെട്ടുവെന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാർത്തകൾ കണ്ടു. വളരെ രസകരമായി തോന്നുന്നു. ദൈവകൃപയാൽ, ഞാൻ പൂർണ്ണമായും സുഖമായും സുരക്ഷിതയായും ഇരിക്കുന്നുണ്. ഇത് നിങ്ങളെയെല്ലാം അറിയിക്കണം എന്നു തോന്നി. ദയവായി തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പകരം നമുക്ക് പോസിറ്റീവിറ്റിയിലും സത്യമായ വാര്‍ത്തകളിവും ശ്രദ്ധ കേന്ദ്രീകരിക്കാം’ കാജല്‍ സ്റ്റോറിയായി കുറിച്ചു.
2004 ല്‍ പുറത്തിറങ്ങിയ ‘ക്യൂൻ! ഹോ ഗയാ ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജല്‍ അഗര്‍വാള്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഹിറ്റുകളിലൂടെ തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താരമായി മാറി. സൽമാൻ ഖാൻ, രശ്മിക മന്ദാന, പ്രതീക് ബബ്ബർ, സഞ്ജയ് കപൂർ എന്നിവർ അഭിനയിച്ച സിക്കന്ദറിലാണ് കാജൽ അവസാനമായി അഭിനയിച്ചത്. കണ്ണപ്പയിലും കാജല്‍ എത്തിയിരുന്നു. കമൽ ഹാസന്റെ ഇന്ത്യൻ 3 ഉൾപ്പെടെ നിരവധി പ്രോജക്ടുകളാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്. നിതേഷ് തിവാരിയുടെ രാമായണയാണ് മറ്റൊന്ന്. രാവണനായി വേഷമിടുന്ന യാഷിനൊപ്പം കാജൽ അഗർവാൾ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 ഒക്ടോബറിലായിരുന്നി വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം കഴിട്ടത്. ദമ്പതികൾക്ക് നീല്‍ എന്നൊരു മകനുമുണ്ട്. തിരക്കേറിയ സിനിമാ ഷെഡ്യൂളിലെ അപ്‌ഡേറ്റുകൾക്കൊപ്പം കുടുംബജീവിതത്തിന്റെ ഹൃദയസ്പർശിയായ കാഴ്ചകളും കാജൽ പലപ്പോളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.