അജു വർഗീസ് നായകനായ ചിത്രം 'സ്വര്‍ഗ'ത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്. നല്ല സന്ദേശത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. റെജിസ് ആന്റണി സംവിധാനം ചെയ്ത 'സ്വർഗം' സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസിന്‍റെ നേതൃത്വത്തില്‍ 16 പ്രവാസികള്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
ജോണി ആന്‍റണി, അനന്യ, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസ് ചെയ്ത ചിത്രം ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ചിത്രത്തിന്റെ കഥ ലിസി കെ.ഫെർണാണ്ടസിന്റെതാണ്.
സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവർ വരികൾ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ.ഫെർണാണ്ടസ് എന്നിവരാണ് സംഗീതം നല്‍കിയത്.