കീര്‍ത്തിചക്രയില്‍ മോഹന്‍ലാലിന് മുന്‍പ് നായകനായി തീരുമാനിച്ചിരുന്നത് ബിജു മേനോനെയായിരുന്നെന്ന് സംവിധായകന്‍ മേജര്‍ രവി. ബിജു മേനോന്‍ പരിചയപ്പെടുത്തിയ നിര്‍മാതാക്കളില്‍ നിന്നുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും മേജര്‍ രവി വെളിപ്പെടുത്തി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തിചക്ര എന്ന സിനിമയെക്കുറിച്ചും മോഹന്‍ലാലിലേക്ക് എത്തിയ കാരണത്തെക്കുറിച്ചും മേജര്‍ രവി മനസുതുറന്നത്. രണ്ടര വര്‍ഷത്തോളം കീര്‍ത്തിചക്രയുടെ തിരക്കഥ വീട്ടില്‍ വെറുതെ വീട്ടില്‍ വെച്ചിരുന്നെന്നും മേജര്‍ രവി വ്യക്തമാക്കി.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ...'രണ്ടായിരത്തിന്റെ തുടക്കം മുതലേ ഞാൻ കീർത്തിചക്രയുടെ കഥയുമായി നടക്കുന്നുണ്ട്. ബിജു മേനോനെ നായകനാക്കിയാണ് അന്ന് സിനിമ തുടങ്ങാനിരുന്നത്. കഥ കേട്ടപ്പോള്‍ ബിജു മേനോന് ഇഷ്ടമായി. ബിജു അമേരിക്കയില്‍ നിന്ന് ഒരു പ്രൊഡ്യൂസറെ കൊണ്ടുവന്നു. അവര്‍ എന്നെ താജിലേയ്ക്ക് കഥ കേള്‍ക്കാന്‍ വിളിച്ചു. അവര്‍ മൂന്നാലുപേരുണ്ടായിരുന്നു. ബിജു അവര്‍ക്കൊപ്പം ചെന്നിരുന്നു. ബെഡില്‍ ചീട്ട് വച്ചിട്ടുണ്ട്. ബിജു ചെന്നിരുന്നപാടെ ഒരു പതിനായിരത്തിന്റെ കെട്ട് എടുത്ത് കയ്യില്‍ കൊടുക്കുന്നു, കളിക്കാൻ വേണ്ടിയിട്ട്. ഞാന്‍ ഒരു മൂലയില്‍ ഇരുന്നു. എന്‍റെ കയ്യില്‍ കീര്‍ത്തിചക്രയുടെ സ്ക്രിപ്റ്റും ഉണ്ടായിരുന്നു'.
'ഞാന്‍ കഥ പറയുന്ന സമയത്ത് ഇവര്‍ കളിയില്‍ മുഴുകിയിരിക്കുകയാണ്. ഞാനൊരു അഞ്ച് മിനിറ്റ് പറഞ്ഞുകാണുമായിരിക്കും. ഞാന്‍ അത് മടക്കി, അപ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങി. അതിനിടയില്‍ ഞാന്‍ ബിജുവിനോട് പറഞ്ഞു. അവര്‍ പടവും ചെയ്യില്ല ഒന്നും ചെയ്യില്ല, നിന്നെ കമ്പനിക്ക് ചീട്ടുകളിക്കാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ്. അവിടെ നിന്നും ഇറങ്ങി സ്ക്രിപ്റ്റ് വീട്ടില്‍ കൊണ്ടുവന്ന് വച്ചു. രണ്ട് രണ്ടരക്കൊല്ലം ആ സ്ക്രിപ്റ്റ് അവിടെയിരുന്നു. അങ്ങനെ ഒരുദിവസം എനിക്ക് തോന്നി ഇത് മോഹന്‍ലാലിനോട് പറഞ്ഞാലോ എന്ന്. അങ്ങനെ ആ സ്ക്രിപ്റ്റും എടുത്ത് പൊടിയും തട്ടി മദ്രാസില്‍ നിന്നും കാഞ്ഞങ്ങാടെത്തി കഥ പറഞ്ഞു. അപ്പോള്‍ തന്നെ ഡേറ്റും കിട്ടി. ഡേറ്റ് കിട്ടിയശേഷം വീട്ടിലെത്തി ഞാന്‍ ആലോചിച്ചു ഇനി ഇതെങ്ങനെ ഷൂട്ട് ചെയ്യുമെന്ന്. എനിക്ക് ടെന്‍ഷനായി. പിന്നെ നമുക്ക് തോന്നിയത് അങ്ങ് ഷൂട്ട് ചെയ്തു. അന്‍കണ്‍വെന്‍ഷണല്‍ രീതിലാണ് ഞാന്‍ ആ പടം ഷൂട്ട് ചെയ്തിരിക്കുന്നത്. ഇനി നിങ്ങള്‍ ആ പടം കാണുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചുനോക്ക്. നിങ്ങള്‍ക്ക് കണ്ടുപിടിക്കാനേ സാധിക്കില്ല. അത്ര സൂക്ഷ്മമായാണ് സിനിമയുടെ എഡിറ്റിങ് നടത്തിയിരിക്കുന്നത്.' മേജര്‍ രവി പറഞ്ഞു.