ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് നടൻ വിശാലിന്റേത്. വിവാഹ വാർത്ത കാത്തിരുന്നവരുടെ മുൻപിലേക്ക് വിവാഹനിശ്ചയ വിവരവുമായാണ് കഴിഞ്ഞദിവസം വിശാലെത്തിയത്. തന്‍റെ 47–ാം ജന്മദിനത്തിലാണ് വിവാഹനിശ്ചയ വിവരം താരം പുറത്തുവിട്ടത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഏതാനും ചില ചിത്രങ്ങള്‍ മാത്രമാണ് വിശാല്‍ പുറത്തുവിട്ടത്.
ഇപ്പോഴിതാ, വിവാഹം വിവാഹം നീട്ടിവച്ചതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പുതുതലമുറൈ ടിവി എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിശാലിന്റെ വെളിപ്പെടുത്തല്‍. തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫിസ് കെട്ടിടം പണി തീരാത്തതാണ് വിവാഹം നീട്ടിവയ്ക്കാനുള്ള കാരണമായി താരം പറഞ്ഞത്. ഒൻപത് വർഷമായി ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്നും രണ്ട് മാസം കൂടെ കഴിഞ്ഞ് ഓഫിസ് തുറക്കുമെന്നും വിശാല്‍ അറിയിച്ചു. നടികർ സംഘം ഓഫിസ് പണി പൂർത്തിയായതിന് ശേഷം വിവാഹം കഴിച്ചാല്‍ പോരേ എന്ന് ധന്‍സികയോട് ചോദിച്ചിരുന്നുവെന്നും നടി അതിനോട് സമ്മതം മൂളിയിരുന്നുവെന്നും വിശാല്‍ വെളിപ്പെടുത്തി.
നടികർ സംഘം കെട്ടിടം തനിക്ക് ഏറെ വൈകാരികമായ ഒന്നാണെന്നും ധൻസികയോടുള്ള ബന്ധം പോലെതന്നെയാണ് തനിക്കതെന്നും വിശാൽ കൂട്ടിച്ചേർത്തു. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ.
2006ൽ റിലീസ് ചെയ്ത ‘മാനത്തോടു മഴൈക്കാലം’ എന്ന സിനിമയിലൂടെയാണ് ധൻസിക അഭിനയ രംഗത്തെത്തിയത്. ‘കബാലി’, ‘പേരാൺമൈ’, ‘പരദേശി’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.