lokah-movie-attack

മലയാള സിനിമ 'ലോക – ചാപ്റ്റർ വൺ: ചന്ദ്ര'യ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാനാകില്ലെന്നും 'ലോക'യില്‍ ഹിന്ദു വിരുദ്ധതയാണെന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്‍ലിം ആണെന്നും  പോസ്റ്റുകളിലുണ്ട്. 

Revebge Mode  എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാൻ കഴിയില്ല എന്നാണ് പോസ്റ്റിന്‍റെ തലക്കെട്ട്. എന്തുകൊണ്ട് 'ലോക' ഹിന്ദുവിരുദ്ധമാകുന്നു എന്നും പോസ്റ്റില്‍ പറയുന്നു. 'ഹിന്ദു രാജാവ് ഹിന്ദു ക്ഷേത്രം കത്തിക്കുന്നു, ക്രിസ്ത്യന്‍ മിഷനറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു. വിനായക വിഗ്രഹം കാണുമ്പോള്‍ നടിയുടെ മുഖത്ത് വെറുപ്പുളവാക്കുന്ന ഭാവമാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് പോസ്റ്റിലുള്ളത്. ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതിനെതിരെ മലയാളികള്‍ തന്നെ എക്സില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ബ്രോ, നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തിൽ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്റ്റോറി പോലുള്ള ഇരുന്ന് കാണുന്നതാണ് എന്നാണ് മലയാളികളുടെ പോസ്റ്റ്. 

“ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുൽഖര്‍ സല്‍മാന്‍റെ വേഫെറർ ഫിലിംസ് ആണ്. സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒന്നിച്ചാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. 

ENGLISH SUMMARY:

Loka movie faces cyber attack. The film is under scrutiny from Hindu activists alleging Hinduphobia due to its storyline and character portrayals.