അമ്മയെ ശുശ്രൂഷിക്കാൻ വീടും കുടുംബവും ഉപേക്ഷിച്ച് ഗാന്ധിഭവനിലെത്തിയ നടി ലൗലി ബാബു ഈയടുത്താണ് വാർത്തകളിൽ നിറഞ്ഞത്. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ ശുശ്രൂഷിക്കാനായി ലൗലി പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയെന്ന് നടൻ കൊല്ലം തുളസിയും വെളിപ്പെടുത്തി. എന്നാൽ അമ്മയെ ഉപദ്രവിക്കുന്ന ലൗലി ബാബുവിന്‍റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
അമ്മയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; വീട് വിട്ടിറങ്ങി നടി ലൗലി ബാബു
അമ്മയെ ശകാരിക്കുകയും അസഭ്യവർഷം ചൊരിയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. അമ്മയെ ‘എടീ’ എന്നും ‘നീ’ എന്നും അതീവ രോഷത്തോടെ വിളിച്ച് ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ലൗലിയെ വിഡിയോയിൽ കാണാം. ‘ആൽഫ ഒമേഗ ഷാഡോ’ എന്ന യുട്യൂബ് പേജാണ് വിഡിയോ പുറത്തുവിട്ടത്. എന്നാൽ, ഈ വിഡിയോ എപ്പോഴത്തേതാണെന്ന് വ്യക്തമല്ല.
അമ്മയെ ഒഴിവാക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായി ലൗലി നേരത്തെ തുറന്നു പറഞ്ഞിരുന്നു. 'അമ്മ ഒരു ബുദ്ധിമുട്ടാണെന്നും എവിടെയെങ്കിലും കൊണ്ടുപോയി തള്ളണമെന്നും ഭർത്താവ് പറഞ്ഞിരുന്നു' എന്നാണ് ലൗലിയുടെ വാക്കുകൾ. നടൻ കൊല്ലം തുളസി പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ച് നടത്തിയ പ്രസംഗത്തിലും ലൗലി ബാബുവിനെ പ്രശംസിച്ചിരുന്നു. ഭർത്താവും മക്കളും നിർബന്ധിച്ചിട്ടും അമ്മയെ ഉപേക്ഷിക്കാതെ സംരക്ഷിക്കുന്ന ലൗലിയെ പറ്റിയാണ് കൊല്ലം തുളസിയും പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നത്.
ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന സിനിമയിലൂടെയാണ് ലൗലി സിനിമയിലേക്കെത്തുന്നത്. ഭാഗ്യദേവത, തന്മാത്ര, പ്രണയം, പുതിയമുഖം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിൽ ലൗലി വേഷമിട്ടിട്ടുണ്ട്.