മക്കളുടെ ജന്മദിനത്തിൽ അവർക്കു നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ പിതാവിന്റെ ജന്മദിനത്തിൽ ഹൃദയം നിറയ്ക്കുന്ന സമ്മാനം നൽകിയിരിക്കുകയാണ് ഒരു മകൾ. വെറുമൊരു സമ്മാനമല്ല, ഒന്നരക്കോടി രൂപയുടെ മേഴ്‌സിഡസ്-ബെൻസ് GLE 300 d SUV മോഡലാണ് നൽകിയത്.
ഈ സമ്മാനം നൽകിയത് മാറ്റാരുമല്ല. ഇന്ന് പുറത്തിറങ്ങിയ മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലെ നായിക മാളവിക മോഹനനാണ്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മാളവിക.
മാളവികയുടെ പിതാവും പ്രശസ്ത ഛായാഗ്രാഹകനായ കെ.യു മോഹന് ജന്മദിന സമ്മാനമായി പുതിയ കാറിന്റെ താക്കോൽ നൽകിയപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞു. ഈ രംഗത്തിലെ മറ്റൊരു കൗതുകം. ബെന്‍സിന്‍റെ നമ്പർ ആണ്. അതും അമ്മ ബീനയുടെ ജന്മദിനവും മാസവും ചേർത്ത 1703 എന്ന നമ്പറാണ് മറ്റൊരു സമ്മാനം.
വൈകാരികമായ നിമിഷം ആയിരുന്നു ഇത്. മോഹനനും ബീനയ്ക്കും ലഭിച്ച ഇരട്ടി മധുരത്തില്‍ മാളവികയെ ചേര്‍ത്തു പിടിച്ചു. ആരെയും അറിയിക്കാതെ മാസങ്ങളെടുത്ത് ആസൂത്രണം ചെയ്ത സമ്മാനമായിരുന്നു ഇത്. ബെന്‍സ് മുറ്റത്തെത്തിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്.
മലയാളത്തിൽ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക കരിയര്‍ ആരംഭിച്ചത്. 2023ൽ റിലീസ് ചെയ്ത ക്രിസ്റ്റി എന്ന സിനിമയ്ക്കു ശേഷം മാളവിക അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. പ്രഭാസിന്റെ രാജാ സാബ്, കാർത്തിയുടെ സർദാർ 2 എന്നിവയാണ് മാളവികയുടെ മറ്റു പുതിയ പ്രോജക്ടുകൾ. രജനീകാന്ത്, വിജയ്, ധനുഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെ മാളവികയുടെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.