പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വന്ന ‘ഹൃദയപൂർവ്വം’ തിയറ്ററുകളിലെത്തി. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് എന്നെന്നും ഓർത്തുവയ്ക്കാനാവുന്ന സിനിമകളാണ് ലഭിച്ചിട്ടുള്ളത്. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
നടനായും താരമായും മോഹൻലാലിനെ ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചതോടെ ഹൃദയം നിറഞ്ഞ് കണ്ടിരിക്കാവുന്ന ചിത്രമായി 'ഹൃദയപൂർവ്വം' മാറുന്നു എന്നാണ് ആദ്യ പ്രതികരണം സൂചിപ്പിക്കുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന ക്ലൗഡ് കിച്ചൻ ഉടമയായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. താരപരിവേഷങ്ങളില്ലാതെ തകർത്താടുന്ന മോഹൻലാലിനൊപ്പം സംഗീത് പ്രതാപും കൂടി ചേരുമ്പോൾ ആകെ ചിരിമയം എന്നാണ് പറയുന്നത്.
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടി.പി. സോനു തിരക്കഥ കൈകാര്യംചെയ്യുന്നു. ജനാർദ്ദനൻ, സിദ്ദീഖ്, നിഷാൻ, ലാലു അലക്സ്, ബാബുരാജ്, സൗമ്യ, സലിം മറിമായം തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. കൂടാതെ പുതുമുഖങ്ങളായി എത്തിയ അഭിനേതാക്കളും അവരുടെ വേഷം ഭംഗിയാക്കി. ‘എമ്പുരാനി’ൽ തുടങ്ങി ‘തുടരു’മിലൂടെ തുടരുന്ന ബോക്സ് ഓഫിസ് വിജയം മോഹൻലാൽ ഈ ചിത്രത്തിലും തുടരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.