param-sundari-mohanlal

TOPICS COVERED

'ദേഖപ്പെട്ട സുന്ദരി ദാമോദരന്‍ പിള്ള'യാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം.  'പരംസുന്ദരി'യിലെ നായികയുടെ 'മന്നുന്നി'യും 'തേങ്ക'യുമൊക്കെ കേട്ട് നമ്മള്‍ മലയാളികള്‍ അന്തംവിട്ട് നില്‍പ്പാണ്. അപ്പോള്‍ വീണ്ടുമതാ ഒരു മലയാളം പാട്ട് വരുന്നു. 'ചുവപ്പുനിറത്തിലെ സാരിയില്‍ ഞങ്ങള് എല്ലാം ഡേഞ്ചര്‍ ആണല്ലോ', ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ എഴുതും ഇതിലും നല്ല മലയാളം. 

പരംസുന്ദരി സംവിധായകനോ, സംഗീത സംവിധായകനോ കേട്ടിട്ടുണ്ടോ, രവീന്ദ്രന്‍ മാഷിന്‍റെ സംഗീതത്തില്‍ യേശുദാസ് പാടിയ 'തൂ ബഡി മാഷാ അള്ളാ'. 35 വര്‍ഷം മുമ്പ് പുറത്തുവന്ന മോഹന്‍ലാലിന്‍റെ 'ഹിസ് ഹൈനസ് അബ്​ദുള്ള'യിലെ 'തൂ ബഡി മാഷാ അള്ളാ' ഉറുദുവിലാണ് എഴുതിയിരിക്കുന്നത്. കാവ്യാത്മകത തുളുമ്പുന്ന ഉറുദു പാട്ടുകള്‍ ഹിന്ദി സിനിമ മേഖലയുടെ ഒരു അവിഭാജ്യ ഘടകമാണ്. ഹിന്ദിയുടേയും ഉറുദുവിന്‍റേയും സങ്കലനമായ ഹിന്ദുസ്ഥാനിയിലാണ് ഒട്ടുമിക്ക ഹിന്ദി പാട്ടുകളും എഴുതാറുള്ളത്. ഹിന്ദി സിനിമകളില്‍ മിക്കവാറും കേള്‍ക്കാറുള്ള 'ഇഷ്ക്', 'ജുനൂന്‍', 'ഇന്ത്സാര്‍' മുതലായവയെല്ലാം ഉറുദു വാക്കുകളാണ്. ആ ഇടകലര്‍ന്ന സംസ്കാരം അതേപടി സ്വീകരിക്കുകയാണ് രവീന്ദ്രന്‍ മാഷ് ചെയ്​തത്. വരികളെഴുതാനായി ബിഹാറില്‍ നിന്നുമുള്ള കവിയായ മധുവിനെ കൊണ്ടുവന്നു. 

'കീര്‍ത്തി ചക്ര'യിലെ 'ഖുദാ സേ മന്നത്ത് ഹേ മേരി' പോലെയൊരു സോങ് പ്ലേസ്മെന്‍റ് ഏതെങ്കിലും ഹിന്ദി സിനിമയില്‍ കാണാനാവുമോ? ഈശ്വരനോടുള്ള പ്രാര്‍ഥനയാണ് 'ഖുദാ സേ മന്നത്ത് ഹേ മേരി'. സമാധാനവും സന്തോഷവുമുള്ള എന്‍റെ കശ്മീരിനെ തിരികെ തരൂ എന്ന വേദനയുണ്ട് ആ വരികളില്‍. ആത്മീയതയും വൈകാരികതയും ഒന്നുചേര്‍ന്ന ഈ പാട്ട് ഇന്ത്യ എന്ന വികാരത്തെ തന്നെയാണ് ഉണര്‍ത്തുന്നത്. 

'ഹൃദയം' സിനിമയിലെ 'ബസ് കര്‍ ജി' എന്ന പഞ്ചാബി പാട്ടിനായി ആ സമയത്ത് പുതുമുഖമായ സംഗീത സംവിധായകന്‍ ഹേഷാം അബ്ദുള്‍ വഹാബ് എടുത്ത പരിശ്രമം എങ്കിലും ഹിന്ദി സംഗീത സംവിധായകര്‍ കണ്ടുപഠിക്കണം. ഇതിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് ബുല്ലേ ഷാ ആണ്. 

സച്ചി സംവിധാനം ചെയ്​ത 'അനാര്‍ക്കലി'യില്‍ വിദ്യാസാഗര്‍ ഒരുക്കിയ പാട്ടുകളില്‍ ഒന്ന് ഹിന്ദിയിലായിരുന്നു. 'മൊഹബത്ത്' എന്ന പാട്ടിലെ  വരികള്‍ എഴുതിയത് 'ഏക് വില്ലന്‍', 'പികെ', 'ഹാഫ് ഗേള്‍ഫ്രണ്ട്', 'എംഎസ് ധോണി' തുടങ്ങി ഒട്ടനവധി ഹിന്ദി സിനിമകളില്‍ വരികളെഴുതിയ പ്രശസ്ത ഗാനരചയിതാവായ മനോജ് മുന്താഷിറാണ്. 'ലൂസിഫറി'ലെ 'രഫ്താര' ആദ്യമായി കേള്‍ക്കുന്നയാള്‍ക്ക് അതൊരു മലയാളം സിനിമയിലെ പാട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാവും. 'മണിച്ചിത്രത്താഴി'ലെ 'ഒരു മുറൈ വന്ത് പാര്‍ത്തായാ', 'ഫാന്‍റ'ത്തിലെ 'മാട്ടുപൊങ്കല്‍ മാസം', 'പ്രേമ'ത്തിലെ 'ചിന്ന ചിന്ന' അങ്ങനെ ഇനിയുമുണ്ട് മോളിവുഡ് പെര്‍ഫെക്റ്റാക്കിയ അന്യഭാഷ ഗാനങ്ങള്‍. 

കലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന മലയാളം സിനിമയുടേയും കലാകാരന്മാരുടേയും സമര്‍പ്പണമാണ് ഇവിടെ കാണാനാവുന്നത്. കച്ചവട താല്‍പര്യങ്ങള്‍ക്കുപരി പൂര്‍ണത വേണമെന്ന ഒരു വാശി കൂടി ഇതിനു പിന്നിലുണ്ടാവാം. ഗാനങ്ങളില്‍ മാത്രമല്ല, മലയാളിയല്ലാത്ത കഥാപാത്രങ്ങളിലും ഈ മോളിവു‍ഡ് പെര്‍ഫെക്ഷന്‍ കാണാം. എമ്പൂരാനില്‍ ഗുജറാത്ത് കാണിച്ചപ്പോള്‍ കുര്‍ത്ത ധരിച്ച് മേക്കപ്പിട്ട മലയാളികളെ അല്ല പൃഥ്വിരാജ് ക്യാമറക്ക് മുന്നില്‍ നിര്‍ത്തിയത്. വിദേശം കാണിച്ചപ്പോള്‍ പ്രമുഖ അന്തര്‍ദേശീയ താരങ്ങളെ തന്നെ എത്തിച്ചു. 'ഗോദ'യില്‍ ഒരു എസ്റ്റാബ്ലിഷ്ഡ് മലയാളി നായികക്ക് പകരം നമുക്ക് അത്ര പരിചിതയല്ലാത്ത വാമിഖ ഖബ്ബിയെ തന്നെ ബേസില്‍ കൊണ്ടുവന്നു. പിന്നിലേക്ക് ചികഞ്ഞുപോയാല്‍ അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. 

മാര്‍ക്കറ്റും ബിസിനസും നോക്കിയാല്‍ ചിലപ്പോള്‍ 'പരംസുന്ദരി' സൃഷ്ടാക്കള്‍ക്ക് ഹീറോയായും ഹീറോയിനായും സിദ്ധാര്‍ഥ് മല്‍ഹോത്രയേയും ജാന്‍വി കപൂറിനേയും തന്നെ വേണമായിരിക്കും. എന്നാല്‍ 90കള്‍ മുതലേ, ചിലപ്പോള്‍ അതിന് മുന്നേ തന്നേയും ഇവിടെ ഗസലുകളും ഖവാലികളും തീര്‍ത്ത മലയാളി കലാകാരന്മാരെ ബോളിവുഡിന് മാതൃകയാക്കാവുന്നതാണ്. ഒരു ഭാഷ എന്നാല്‍ ആ നാടിന്‍റെ സംസ്കാരമാണ്. കച്ചവടത്തിനാണെങ്കിലും ആ ഭാഷയെ കടംകൊള്ളുമ്പോള്‍ കുറച്ചൊക്കെ ആത്മാര്‍ഥത കാണിക്കാം. 

ENGLISH SUMMARY:

Malayalam cinema songs often incorporate foreign languages seamlessly. This article explores how Mollywood achieves perfection with songs and characters from other cultures, setting an example for Bollywood.