prakash-varma-thudarum

വർഷങ്ങൾക്കു മുമ്പ് സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ഇറങ്ങിയ ആളാണ് താനെന്ന് പരസ്യ ചിത്ര സംവിധായകനും നടനുമായ പ്രകാശ് വര്‍മ്മ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍. എന്നാല്‍ അത് ഇപ്പോഴല്ല സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്നും പ്രകാശ് വര്‍മ്മ പറയുന്നു. അതിന്റെ പുറകിലുള്ള ചില പ്രവർത്തനങ്ങൾ മാത്രം നടക്കുന്നുണ്ട്. സിനിമ ആയതുകൊണ്ട് എപ്പോൾ സംഭവിക്കും എന്ന് സംഭവിക്കും എന്നൊന്നും പറയാൻ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. സംഗീതവും തനിക്ക് വലിയ താല്‍പര്യമുള്ള മേഖലയാണെന്നും അദ്ദേഹം പറഞ്ഞു. 

‘നമ്മൾ കരയുകയും വേണം, ചിരിക്കുകയും വേണം, ചിന്തിപ്പിക്കുകയും വേണം. സിനിമയില്‍ അതെല്ലാം ഒത്തുവരണം. നമുക്ക് പറ്റുക ശ്രമിക്കുക എന്ന് മാത്രമാണ്’, പ്രകാശ് വര്‍മ്മ പറഞ്ഞു. തുടകും സിനിമയുടെ വിശേഷങ്ങളും ജോര്‍ജ് സാര്‍ എന്ന കഥാപാത്രത്തിനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും ഫിലിം മേക്കർ ആണ്. ഒരു നടൻ എന്നതിനെ എന്റെ സിസ്റ്റം അംഗീകരിച്ചിട്ടില്ല. പക്ഷേ ഞാൻ തുടരും ചെയ്തത് ഞാന്‍‌ വളരെ ആസ്വദിച്ചു. അദ്ദേഹം പറയുന്നു. 

‘ഒരു അഞ്ചുപേരുള്ള സ്ഥലത്ത് പോയി ഇരുന്നാൽ തന്നെ ഞാൻ രണ്ടു മിനിറ്റ് കഴിഞ്ഞാല്‍ അവിടെ നിന്ന് പോകും. അല്ലെങ്കില്‍ കംഫർട്ടബിൾ ആയിട്ടുള്ള ആൾക്കാരാകണം. ഒരു ഇൻട്രോവേർട്ട് ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ് ഞാന്‍‌. പക്ഷേ തുടരും സിനിമയുടെ ഷൂട്ടിങ് മൂന്നാല് ദിവസം പിന്നിട്ടപ്പോള്‍ ഞാൻ എന്നെ പറ്റി പലതും മനസ്സിലാക്കാൻ ഇടയായി. അവിടെ ഔട്ട്ഡോറിൽ ഷൂട്ട് ചെയ്യുമ്പോൾ ഒരു പത്ത് നൂറു പേര് ഷൂട്ടിങ് കാണാൻ ഉണ്ടെങ്കിൽ എനിക്ക് ഹരമായിരുന്നു. ഇതൊന്നും ഞാൻ മനസ്സിലാക്കിയ കാര്യമില്ല. പക്ഷേ വളരെ ആശ്ചര്യകരമായിരുന്നു’.

താന്‍ ഇനിയും അഭിനയിക്കുമെന്നും പ്രകാശ് വര്‍മ്മ പറഞ്ഞു. പക്ഷേ അത് മാത്രമായിരിക്കില്ല. എനിക്ക് സിനിമയും ചെയ്യണം, അഡ്വർടൈസിംഗും ചെയ്യണം, അഭിനയിക്കുകയും വേണം. അങ്ങനെ ആദ്യം ആഗ്രഹിക്കുകയും പക്ഷേ പിന്നീട് വഴി തിരിഞ്ഞു പോകുകയും ചെയ്ത ഒരു സ്വപ്നം ഉണ്ട്. അതിലേക്ക് തിരിച്ചുവരികയാണ്. അതായത് സിനിമ. പ്രകാശ് വര്‍മ്മ പറയുന്നു. 

ജോര്‍ജ് സാറെ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമെന്നും അദ്ദേഹം പറയുന്നു. പക്ഷേ പ്രേക്ഷകർ ഏറ്റെടുത്തതിൽ വളരെ സന്തോഷം. പ്രകാശ് വർമ്മ എന്ന പരസ്യ ചിത്രകാരന്‍ ഇത്രയും കാലവും ഇവിടെ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയും കാലത്തിനു ശേഷം ഈ നാട്ടിൽ പോലും കൂടുതൽ അറിയപ്പെടുന്നത് ഈ സിനിമയിലെ ഒരു കഥാപാത്രത്തിലൂടെയാണ്. അത് വല്ലാത്ത ഒരു വൈരുദ്ധ്യമാണ്. വെളിയിൽ ഇറങ്ങി ചായ കുടിക്കാൻ പറ്റില്ലാത്ത ഒരു അവസ്ഥ ആണ്. പക്ഷേ ആ അവസ്ഥ ഇഷ്ടമാണ്. അദ്ദേഹം പറയുന്നു.

‘എല്ലാം അനുഭവമാണ്. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത കുറെ കാര്യങ്ങളാണ് കഴിഞ്ഞ മൂന്നാല് മാസമായിട്ട് നടക്കുന്നത്. മിക്കവാറും പറ്റാവുന്ന കോളുകളൊക്കെ രാവിലെ മൂന്നു മണി വരെ ഞാൻ എടുക്കാറുണ്ട്. ഒരു എക്സ്ട്രീം നെഗറ്റീവ് ആയ കഥാപാത്രത്തെ പോലും അവര്‍ സ്നേഹിക്കുക എന്നത് വല്ലാത്ത അനുഭൂതിയാണ്. ഒരു അഡ്വർട്ടൈസിങ് ക്യാമ്പയിൻ ചെയ്തു, കാനിൽ ഒരു അവാർഡ് വാങ്ങിച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ച ഇൻഡസ്ട്രിയിൽ നിന്നുള്ള ആൾക്കാര്‍ വിളിക്കും. പക്ഷേ സിനിമ എന്ന് പറയുന്നത് വളരെ മാജിക്കലാണ്.’

ഇപ്പോള്‍ അമ്മ പോലും ജോര്‍ജ് സാർ എന്നാണ് വിളിക്കുന്നത്. ആ ചിത്രം അത്രത്തോളം പതിഞ്ഞിട്ടുണ്ട് എന്നാണ് അതിനര്‍ഥം. അതിൽ നിന്നൊന്ന് മാറാൻ എത്രയും വേഗം വേറൊരു സിനിമ ചെയ്യേണ്ടിവരും. എന്നാല്‍ ഞാൻ നേരത്തെ പറഞ്ഞതുപോലെ നമ്മുടെ കയ്യിലല്ല ഒന്നും. ഇതുവരെ ജീവിതത്തിൽ അങ്ങനെ സോളിഡ് ആയിട്ട് ഒരു പ്ലാനിങ് ഉണ്ടായിട്ടില്ല. മുമ്പിൽ വരുന്ന കാര്യങ്ങൾ വൃത്തിയായിട്ട് ചെയ്യാം. ഇനിയുള്ള കാര്യങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അതിനനുസരിച്ച് പോട്ടെ. പ്രകാശ് വര്‍മ്മ പറഞ്ഞു. 

ENGLISH SUMMARY:

Prakash Varma expresses his desire to direct a film someday, emphasizing that it will happen when the time is right. He also shares his experiences with acting, advertising, and the overwhelming response to his character, George Sir, while maintaining a humble approach towards future endeavors.