mammootty-mohanlal-post

ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന നിര്‍മാതാവ് ആന്‍റോ ജോസഫിന്‍റെ പോസ്റ്റിന് പിന്നാലെ മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകളും പ്രാര്‍ഥനകളുമായി മലയാള സിനിമയിലെ പ്രമുഖർ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് നടന്‍ മോഹന്‍ലാല്‍ തന്‍റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ഒരു ചിത്രം കൊണ്ട് ആയിരം വരികളാണ് മോഹന്‍ലാല്‍ കുറിച്ചത്. ചിത്രം ഇതിനകം മോഹന്‍ലാല്‍- മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

എല്ലാം ഓകെ ആണെന്ന് കുറിച്ച് നടന്‍ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം’ എന്ന് മാലാ പാര്‍വ്വതിയും ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘കിങ് ഈസ് ബാക്ക്’ എന്നാണ് നടന്‍ ആന്‍റണി വര്‍ഗീസ് കുറിച്ചത്. ‘ഡബിള്‍ ഒകെ’ എന്ന് സംവിധായിര രത്തീനയും കുറിച്ചു. ആസിഫ് അലിയും മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഈ ദിവസം സന്തോഷത്തിന്‍റേതാണെന്നാണ് ഗിന്നസ് പക്രു കുറിച്ചത്. നടന്‍ ഇര്‍ഷാദ്, ജോയ് മാത്യു, അനൂപ് മേനോന്‍, സംവിധായകന്‍ വൈശാഖ്, നാദിര്‍ഷ, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വിനയന്‍ എന്നിവരും തങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയ വഴി പങ്കവച്ചു കഴിഞ്ഞു.

കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഊർജസ്വലനായി തിരിച്ചെത്തുന്നു എന്ന വാർത്ത അങ്ങേയറ്റം സന്തോഷം പകരുന്നുവെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്ക്രീനിൽ വീണ്ടും കാണാൻ സകല മലയാളികൾക്കൊപ്പം കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തലയും ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും ഊർജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേൾക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകൾക്കും വൈദ്യശാസ്ത്രത്തിനും ഒരുപാടൊരുപാട് നന്ദി. ഒരു തിരിച്ചുവരവ്, ഈ ചിരി. അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മൾ. വേഗം വരിക’, എന്നുകുറിച്ച് െക.സി.വേണുഗോപാലും സന്തോഷം പങ്കുവച്ചു. 

ജോണ്‍ ബ്രിട്ടാസ് എംപിയും സന്തോഷം പങ്കുവച്ചിട്ടുണ്ട്. ‘നോവിന്‍റെ തീയിൽ മനം കരിയില്ല… പരീക്ഷണത്തിന്‍റെ വാൾ വീശലുകളിൽ പതറുകയുമില്ല... വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും… പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും... ആത്മവിശ്വാസത്തിന്‍റെ പാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്കാ .... ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് ...  അഭിനയമികവിന്‍റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ .. നിറഞ്ഞ സ്നേഹത്തോടെ..’ ജോണ്‍ ബ്രിട്ടാസ് കുറിച്ചു.

ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് നിര്‍മാതാവ് ആന്‍റോ ജോസഫാണ് സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്‍റോ ഫെയ്സ്ബുക്കില്‍ എഴുതിയത്. പരിശോധന ഫലങ്ങള്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നതെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആന്‍റോ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിന് താഴെ ആശംസകളും പ്രാർത്ഥനയുമായി താരങ്ങളും ആരാധകരുമടക്കം എത്തിയിട്ടുണ്ട്. 

‘ഗ്രേറ്റസ്റ്റ് ന്യൂസ് എവര്‍’ എന്നാണ് ആന്‍റോയുടെ പോസ്റ്റിന് താഴെ അഭിനേത്രി മാലാ പാര്‍വതി കുറിച്ചത്. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന് സംവിധായകൻ കണ്ണൻ താമരകുളവും കമന്റ് ചെയ്തിട്ടുണ്ട്. ഹൃദയത്തിന്‍റെ സ്മൈലിയുമായി ജുഡ് ആന്തണിയുമെത്തി. സന്തോഷ വാര്‍ത്തയെന്ന് ടി.എന്‍ പ്രതാപനും പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Mammootty is back in good health after treatment. The news was confirmed by producer Anto Joseph, prompting celebratory messages from fellow actors and fans alike.